ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജരെന്ന ഗിന്നസ് റെക്കോഡ് ഇനി ജപ്പാൻകാരിയായ 90 കാരി യാഷുകോ തമാക്കി മുത്തശ്ശിയ്ക്ക് സ്വന്തം. 1930 മെയ് 15നാണ് യാഷുകോ ജനിച്ചത്. സ്ക്രൂകളും ആണികളും നിർമ്മിക്കുന്ന സുൻകോ ഇൻഡസ്ട്രീസിലാണ് യാഷുകോ ജോലി ചെയ്യുന്നത്. 1956 മുതൽ ഇവിടെ ഓഫീസ് മാനേജരായി യാഷുകോ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനിയിലെ ഏറ്റവും പ്രായം കൂടിയ ജീവനക്കാരിയും ഏറ്റവും കൂടുതൽ കാലം സർവീസിലുള്ള ആളും യാഷുകോയാണ്.
'ഒരു ആയുഷ്കാലം കൊണ്ട് ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തുകഴിഞ്ഞു, എന്ത് പറയണമെന്ന് എനിക്കറിയില്ല, വളരെ സന്തോഷമുണ്ട്.' റെക്കോഡ് ലഭിച്ചതിന് ശേഷം യാഷുകോ പറഞ്ഞ വാക്കുകളാണിവ. പ്രായം 90 കഴിഞ്ഞെങ്കിലും യാഷുകോ മുത്തശ്ശി ജോലിയെല്ലാം ചുറുചുറുക്കോടെ ചെയ്യും. പണ്ട് രജിസ്റ്ററുകളിൽ സൂക്ഷിച്ചിരുന്ന കണക്കുകളെല്ലാം ഇപ്പോൾ യാഷുകോ കംപ്യൂട്ടറിൽ അതേ മികവോടെ ചെയ്യുന്നുണ്ട്. മറ്റ് ജീവനക്കാരുടെ സാലറി, ബോണസ്, ടാക്സ് കണക്കുകളെല്ലാം നോക്കേണ്ടത് യാഷുകോയുടെ ജോലിയാണ്. മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് മുത്തശ്ശി. ആഴ്ചയിൽ അഞ്ച് ദിവസവും മുടങ്ങാതെ യാഷുകോ ഓഫീസിലെത്തും. ഒരു വർഷം തീരും, അടുത്ത വർഷം തുടങ്ങും, അതങ്ങനെ തുടരും എന്നാണ് ഞാൻ വിശ്വസിക്കുന്നത് - റിട്ടയർമെന്റിനെക്കുറിച്ച് പറ്റിയുള്ള ചോദ്യത്തിന് യാഷുകോ നൽകുന്ന മറുപടിയാണിത്.