ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യത്തെ തന്റെ ജന്മദേശത്ത് നിന്ന് തുടച്ച് നീക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബ്രിട്ടനിലെ കോൺവെൽ സ്വദേശിയായ പാറ്റ് സ്മിത്ത് എന്ന 70 കാരി മുത്തശ്ശി. തന്റെ തലമുറ മുതൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാൻ സ്മിത്ത് എന്ന മുത്തശ്ശി ദി ഫൈനൽ സ്ട്രോ ക്യാംപെയിൻ എന്നൊരു പരിപാടിക്കും തുടക്കമിട്ടു. ബ്രിട്ടനിലെ ആദ്യ പ്ലാസ്റ്റിക്ക് സ്ട്രോ ഫ്രീ സ്ഥലമായി കോൺവാളിനെ മാറ്റുകയാണ് പാറ്റിന്റെ ലക്ഷ്യം.
2017 മുതൽ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി കോൺവാളിലെ 52 ബീച്ചുകൾ മുത്തശ്ശിയും സംഘവും വൃത്തിയാക്കി കഴിഞ്ഞു.
പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി കണ്ടതോടെയാണ് പാറ്റ് മുത്തശ്ശിയുടെ ജീവിതം ഇങ്ങനെ മാറി മറിഞ്ഞത്.
ബീച്ചുകൾ ക്ലീൻ ചെയ്യുന്നതിനോടൊപ്പം ഇവിടെയുള്ള 600 ഓളം സ്ഥാപനങ്ങളെ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനും മുത്തശ്ശിക്കു കഴിഞ്ഞു.
ഓരോവർഷവും 13 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് കടലിലേക്ക് വലിച്ചെറിയപ്പെടുന്നത്. ലോകത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. ബ്രിട്ടനിൽ മാത്രം ബീച്ചുകളിലെ ഓരോ കിലോമീറ്റർ ചുറ്റളവിൽ 3000 പ്ലാസ്റ്റിക്ക് മാലിന്യമെങ്കിലും കണ്ടെത്താനാവും എന്നാണ് പാറ്റ് പറയുന്നത്. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ പ്രദേശവും കോൺവാളാണ്. ഇവിടെയാണ് പാറ്റ് മുത്തശ്ശിയുടെ ഈ പ്രയത്നങ്ങൾ.