ഭുവനേശ്വർ: ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി അപൂർവ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ഉടൽ കൂടിച്ചേർന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.
പൂർണ വളർച്ചയിലെത്തിയ തലകൾ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേർന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികൾ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നെങ്കിലും നെഞ്ചും ആമാശയവും ഒട്ടിച്ചേർന്ന നിലയിലാണ്.
രാജ് നഗറിലെ കനി ഗ്രാമത്തിൽ നിന്നുള്ള ഉമാകാന്ത് പരീദ- അംബിക ദമ്പതികളുടേതാണ് കുട്ടികൾ. കേന്ദ്രപരയിലെ ആശുപത്രിയിൽ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ദ്ധ ചികിത്സക്കായി സർദാർ വല്ലഭായ് പട്ടേൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.
അപൂർവമായ ശരീരികാവസ്ഥയിൽ ജനിച്ച കുട്ടികളായതിനാൽ ആരോഗ്യനിലയിൽ ചില പ്രശ്നങ്ങളുണ്ടെന്നും കുട്ടികളെ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിന് ശേഷം തീരുമാനിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.