നാഗ്പൂർ: നടനും എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ വീര സതീദാർ കൊവിഡ് ബാധിച്ച് മരിച്ചു. 62വയസായിരുന്നു. നാഗ്പൂർ എയിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വിചാരണതടവുകാരുടെ കഥ പറഞ്ഞ 'കോർട്ട്' എന്ന ചിത്രത്തിലെ വിപ്ളവകവിയായി വേഷമിട്ട വീരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ച ഈ ചിത്രം 2016ലെ ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയായിരുന്നു.
കവി, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിലും അറിയപ്പെട്ടു.
ദളിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററുമായിരുന്ന സതീദാർ അംബേദ്കറിന്റെ രാഷ്ട്രീയ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച സാംസ്‌കാരിക പ്രവർത്തകനും കൂടിയായിരുന്നു
വൈദ്യുതി മോഷണം, നിരോധിത പുസ്തകത്തിന്റെ വില്പന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് നാല് വർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ് ഒടുവിൽ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാർ.
ഒന്ന് രണ്ട് മറാത്തി ചിത്രങ്ങളിൽ കൂടി വേഷമിട്ടെങ്കിലും കോർട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.