കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം ഭീഷണിപ്പെടുത്തിയെന്ന കേസിൽ സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. അതേസമയം ഈ നീക്കത്തെ ഇ.ഡി കോടതിയിൽ എതിർത്തു. ക്രൈം ബ്രാഞ്ച് ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേതെന്ന് ഉറപ്പുവരുത്തണമെന്ന് നൽകിയ ഹർജിയിൽ പറയുന്നു. കേസിൽ മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ സ്വപ്നയുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിനെ അനുവദിക്കരുതെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെയ്യുന്നെന്ന തരത്തിൽ പുറത്തുവന്ന ശബ്ദരേഖ തന്റേതുതന്നെയാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി നിർബന്ധിക്കുന്നത് താൻ കേട്ടു എന്ന വനിതാ പൊലീസുകാരിയുടെ മൊഴി കൂടി വന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.