കൊല്ലം: മദ്യവിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മദ്യവിൽപ്പന സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി വെട്ടേറ്റ ചവറ തട്ടാശേരി സ്വദേശി പ്രമോദിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ തട്ടാശേരി ജംഗ്ഷന് സമീപമായിരുന്നു സംഭവം. തട്ടാശേരിയിലും പരിസരത്തും അനധികൃതമായി മദ്യവിൽപ്പന പതിവാക്കിയിരുന്ന സാബു, കുട്ടൻ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ബിവറേജസിലെ മദ്യവിൽപ്പനയുടെ സമയം കഴിഞ്ഞ ശേഷം മദ്യം വാങ്ങാനാണ് പ്രമോദ് തട്ടാശേരിയ്ക്ക് സമീപത്തെ കേന്ദ്രത്തിലെത്തിയത്. ഇവിടെവച്ച് മദ്യത്തിന്റെ വിലയെച്ചൊല്ലി പ്രമോദും സാബുവുമായി തർക്കമായി. വാക്കുതർക്കത്തിനിടെ സാബുവും കൂട്ടാളിയായ കുട്ടനും ചേർന്ന് പ്രമോദിനെ വടിവാളുപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു, കൈകാലുകളിലും തലയ്ക്കും ഗുരുതരമായി വെട്ടേറ്ര് രക്തം വാർന്ന പ്രമോദിനെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചവറ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രമോദിനെ പരിക്കുകൾ ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ കുട്ടനെയും സാബുവിനെയും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി ചവറ പൊലീസ് അറിയിച്ചു.