കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ പാനൂരിലെ മൻസൂറിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് മൂന്ന് പേർ സംഭവ സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് കൊലയ്ക്ക് മുൻപുള്ള ആസൂത്രണമാണെന്നാണ് പൊലീസിന്റെ നിഗമനം. വോട്ടെടുപ്പ് ദിവസം രാത്രി 8.30നാണ് മുക്കിൽപീടികയിലെ മനസൂറിന്റെ വീട്ടിനടുത്ത് വച്ച് കൊലപാതകം നടന്നത്. ഇതിന്റെ ആസൂത്രണങ്ങൾ നടന്നതെല്ലാം വാട്ട്സ്ആപ്പിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ ഒന്നാം പ്രതിയുടെ ഫോണിൽ നിന്നും ഇതിസംബന്ധിച്ച എല്ലാ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള കൂടുതൽ ദൃശ്യങ്ങൾ സമീപത്തെ ഇതര വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ചേക്കുമെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ഇതിനകം നാലുപേരാണ് റിമാൻഡിലുള്ളത്. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താമെന്ന് അഭിപ്രായം ഉയർന്നെങ്കിലും എല്ലാ പ്രതികളും പിടിയിലായ ശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് പൊലീസിന്റെ നിലപാട്.
ഇതിനിടെ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണത്തെ ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുകയാണ്.
രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. ഒളിവിൽ കഴിയുന്നതിനിടെ ഒരു നേതാവിനെ വിമർശിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇതേ ചൊല്ലി വാക്ക് തർക്കം ഉണ്ടാകുകയും മർദ്ദനമേറ്റ് ബോധരഹിതനായതോടെ മറ്റുള്ളവർ ചേർന്ന് കെട്ടിത്തൂക്കുകയുമായിരുന്നു എന്നും സുധാകരൻ പറഞ്ഞു.
ശ്വാസം മുട്ടിച്ച് കൊന്നതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൻസൂർ കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്നും വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് മുഖത്തെ മുറിവെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.