കറാച്ചി: റംസാനിൽ നോമ്പെടുത്ത് ജോലിക്കെത്തരുതെന്ന് പൈലറ്റുമാർക്ക് നിർദ്ദേശം നൽകി പാക് ഇന്റർനാഷണൽ എയർലൈൻസ്. നോമ്പെടുത്ത് ജോലി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നത് മുന്നിൽ കണ്ടു കൊണ്ടാണ് നിർദ്ദേശമെന്നാണ് എയർലൈൻസ് പറയുന്നത്.വിമാനം കൈകാര്യം ചെയ്യുമ്പോൾ, അതിന്റെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പൈലറ്റുമാർ ബോധവാന്മാരാകണം. നോമ്പെടുത്ത് വിമാനം പറത്തുന്ന വേളയിൽ ഇത് ജോലിയെ മോശമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇത് കാര്യമായി പരിഗണിക്കേണ്ട വിഷയമാണെന്ന് എയർലൈന് ബോദ്ധ്യമുള്ലതിനാൽ ജോലിക്കെത്തുന്ന പൈലറ്റുമാർ നോമ്പെടുക്കരുത് - എയർലൈൻ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ക്യാബിൻ ക്യൂ അംഗങ്ങൾ നോമ്പെടുക്കുകയാണെങ്കിൽ അഡ്മിനിസ്ട്രേഷനെ മുൻകൂട്ടി അറിയിക്കണം.ബോയിംഗ് 777, എയർബസ് 320, എ.ടി.ആർ എന്നീ വിമാനങ്ങളിലെ ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.