കോട്ടയം : വിനോദ സഞ്ചാരമേഖലയായ കുമരകത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകം. കടകളിൽ നിന്ന് വിൽപ്പന നടത്തുന്നത് കൂടാതെ ഹാൻസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൊണ്ടുനടന്ന് വിൽപ്പനയും കൂടുകയാണ്. ചില കേന്ദ്രങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതായി പരാതിയുണ്ട്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനക്കാരെയും നാട്ടിലെ യുവാക്കളെയും ലക്ഷ്യമിട്ടാണ് എത്തിക്കുന്നത്. യുവാക്കളിൽ ഉപയോഗം കൂടി വരുന്നതനുസരിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഇവ ലോഡുംപടി എത്തിക്കുകയാണ്.
പുകയില ഉൽപ്പന്നം എത്തിക്കുന്നതിന് പ്രത്യേക സംഘം തന്നെ കുമരകത്ത് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദിവസം 1,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായാണ് വിവരം. പുകയില ഉൽപ്പന്നങ്ങൾ ഇരട്ടിയിലേറെ വിലയ്ക്കാണ് വിൽക്കുന്നത്. ഇവയുടെ കൂടുകൾ വഴിയോരങ്ങളിൽ തള്ളുകയാണ് പതിവ്. കുമരകത്ത് വഴിയോരങ്ങൾ ശ്രദ്ധിച്ചാൽ ഹാൻസിന്റെയും മറ്റും കൂടുകൾ കുന്നുകൂടി കിടക്കുന്നത് കാണാൻ സാധിക്കും.