വെല്ലിംഗ്ടൺ: കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ. സാമ്പത്തികരംഗത്തെ പ്രധാന ഏജൻസികളായ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപകമേഖലയിലുള്ളവർ തുടങ്ങിയവരെല്ലാം ഇനി മുതൽ കാലാവസ്ഥ വ്യതിയാനം അവരുടെ ബിസിനസിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമം ന്യൂസിലൻഡ് നടപ്പിലാക്കും. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നിയമം നടപ്പിൽ വരുന്നതെന്നാണ് റിപ്പോർട്ട്.1ബില്യൺ ന്യൂസിലൻഡ് ഡോളർ ആസ്തിയുള്ള ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാമ്പത്തികമേഖലയിലെ മറ്റു കമ്പനികളുമാണ് പുതിയ നിയമത്തിന് കീഴിൽ വരുന്നത്. ന്യൂസിലൻഡിലെ ഇരുനൂറിലേറെ ബിസിനസ് ഭീമന്മാരും രാജ്യത്തെ വിദേശ കമ്പനികളും നിയമത്തിന് കീഴിലാകും.
നിയമപ്രകാരം, 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കണമെങ്കിൽ കാലാവസ്ഥയിൽ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് തങ്ങളുടെ നിക്ഷേപങ്ങളുണ്ടാക്കുന്നതെന്ന് സാമ്പത്തികരംഗത്തുള്ളവർ അറിയണം. ഈ പുതിയ നിയമത്തിലൂടെ സാമ്പത്തിക-ബിസിനസ് തീരുമാനങ്ങളുടെ പ്രധാന ഭാഗമായി കാലാവസ്ഥ വ്യതിയാനം മാറും, - കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ജെയിംസ് ഷോ പറയുന്നു.പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലെ ചർച്ചകൾ ഉടൻ ആരംഭിക്കും. അടുത്ത വർഷം നിയമം പ്രാബല്യത്തിൽ വരും. 2023 മുതലായിരിക്കും കമ്പനികൾക്ക് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും അതിനുള്ള പരിഹാര മാർഗങ്ങളെയും സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടി വരിക. ജസിന്ത രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. 2025ഓടെ പൊതുമേഖല കാർബൺ മുക്തമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.