എഴുതിത്തള്ളിയവരുടെ തലയ്ക്കു മുകളിലൂടെ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച് സഞ്ജുവിന്റെ മറ്റൊരു മനോഹര തിരിച്ചുവരവ്.
കിംഗ്സ് ഇലവൻ പഞ്ചാബുയർത്തിയ 222 റൺസെന്ന വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ നായകനായി കന്നി മത്സരത്തിനിറങ്ങിയ സഞ്ജു സെഞ്ച്വറി തിളക്കത്തോടെ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ഇന്നിംഗ്സ് കണ്ട് തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
വിജയത്തിന് 4 റൺസകലെ വീണെങ്കിലും സഞ്ജുവിന്റെ 63 പന്തിൽ 119 റൺസിന്റെ ക്യാപ്ടന്റെ ഇന്നിംഗ്സിനെ വാഴ്ത്തിപ്പാടുകയാണ് ക്രിക്കറ്റ് പണ്ഡിതരും താരങ്ങളും ആരാധകരും.
പതിയെ തുടങ്ങി കൊട്ടിക്കയറിയ ആ ഇന്നിംഗ്സിന് ചന്തം ചാർത്തിംംം 7 സിക്സും 12 ഫോറുമുണ്ടായിരുന്നു. തകർപ്പൻ ഇന്നിംഗ്സിലൂടെ ഇന്ത്യൻ ടീമിലേക്കുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സഞ്ജു.
ഐ.പി.എല്ലിൽ ക്യാപ്ടനായി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ആദ്യതാരമാണ് സഞ്ജു.
സഞ്ജുവിന് സംഗയുടെ പിന്തുണ
അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതെ ക്രിസ് മോറിസിനെ തിരിച്ചയച്ച സംഭവത്തിൽ സഞ്ജു ചെയ്തതാണ് ശരി. അദ്ദേഹം നന്നായി തന്നെ കളിച്ചു. ആ സിംഗിൾ എടുക്കാത്തതിൽ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിൾ എടുത്തിരുന്നെങ്കിൽ ക്രിസ് മോറിസ് ആയിരിക്കും സ്ട്രൈക്കിൽ ഉണ്ടാകുക. മോറിസിന് ഫോമിലായിരുന്നില്ല. നാല് പന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമാണ് മോറിസ് എടുത്തത്. ആ സാഹചര്യത്തിൽ ഫോമിന്റെ കൊടുമുടിയിലുള്ള സഞ്ജു ആ റിസ്ക് ഏറ്റെടുക്കണമായിരുന്നു. അദ്ദേഹം അത് ചെയ്തു. ഒരു നായകൻ എന്ന നിലയിൽ ആ റിസ്ക് ഏറ്റെടുത്ത സഞ്ജുവിനെ അഭിനന്ദിക്കുന്നു. അവസാന പന്ത് ബൗണ്ടറി കടത്താൻ സാധിച്ചില്ലെങ്കിലും കളിയിലെ സഞ്ജുവിന്റെ പ്രകടനമികവ് അത്ഭുതപ്പെടുത്തി. വരും മത്സരങ്ങളിൽ രാജസ്ഥാൻ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും' -
സംഗക്കാര
രാജസ്ഥാൻ കോച്ച്