modi

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ രാജ്യങ്ങളെല്ലാം അക്ഷീണമായി പരിശ്രമം നടത്തുന്നുണ്ട്. കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രജ്ഞർ പരിശ്രമിക്കുന്നു. ഇതിനെ ചെറുക്കാൻ രാജ്യങ്ങളുടെ കൂട്ടായ സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് കൊവിഡിനെ ചെറുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

'ലോകം നിരവധി മഹാമാരികളെ ഇതുവരെ നേരിട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുൻപായിരുന്നു കൊവിഡ് പോലൊരു പ്രതിസന്ധി ഉണ്ടായത്. കൊവിഡിൽ നിരവധി സംശയങ്ങൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ മറുപടി നൽകിക്കഴിഞ്ഞു. പരിഹാര നിർദ്ദേശത്തിനുള്ള നിരവധി സമസ്യകൾ ഇനിയും മുൻപിലുണ്ട്. കൊവിഡിനെ നിയന്ത്രിക്കാൻ രാജ്യങ്ങൾ അക്ഷീണ പരിശ്രമം നടത്തുന്നുണ്ട്.'-മോദി പറഞ്ഞു.

പടിഞ്ഞാറൻ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അനുമതി നൽകുന്നത് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായാണ് നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ഇന്നലെ മാത്രം 1,61,736 പേർക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 879 പേർ രോഗം മൂലം മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1,36,89,453 പേർക്കാണ് ഇതുവരെ രോഗം വന്നത്. ആകെ 1,71,058 കൊവിഡ് മരണങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,53,697.

content highlight: prime minister modi requests other countries to join hands against covid.