ന്യൂഡൽഹി: നിസാമുദ്ദീൻ മർക്കസയ്ക്ക് മാത്രമായി സന്ദർശക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. മറ്റ് ആരാധനാലയങ്ങളിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താതെ ദില്ലി മർക്കസിൽ മാത്രം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. ഇരുനൂറ് പേരുടെ പട്ടികയിൽ നിന്ന് 20 പേർക്ക് മാത്രമേ മർക്കസിൽ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ എന്ന് കൊവിഡ് പ്രതിരോധത്തിനായുളള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.
മറ്റ് ആരാധനാലയങ്ങളിൽ ഇങ്ങനെ വിശ്വാസികളുടെ എണ്ണം പറയുന്നില്ല. പളളിയിലോ ക്ഷേത്രത്തിലോ ചർച്ചിലോ പോകണമെന്ന് ആഗ്രഹിക്കുന്നവർക്കിടയിൽ 200 പേരുടെ പട്ടിക തയ്യാറാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുനൂറ് പേരുടെ പട്ടികയിൽ നിന്ന് വേരിഫൈ ചെയ്ത ഇരുപത് പേരുടെ പട്ടിക മർക്കസ് മാനേജ്‌മെന്റ് വ്യക്തമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ എതിർപ്പ് കണക്കിലെടുത്ത് റമദാൻ മാസത്തിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അനുവദിക്കാമെന്ന നിലപാടിലേക്ക് കേന്ദ്രമെത്തി. എന്നാൽ ഈ അനുമതി ധാരണകളുടെ പുറത്താണെന്നും കൊവിഡ് നിബന്ധനകൾ പാലിക്കാൻ മോസ്‌ക് മാനേജ്‌മെന്റിന് ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.
മർക്കസ് അധികൃതർ ദൈനംദിന പ്രവർത്തനങ്ങളേക്കുറിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മർക്കസിനുള്ളിൽ എത്തിയ വിശ്വാസികളുടെ പേരുവിവരം അടക്കമുള്ള വിവരങ്ങൾ പൊലീസിന് നൽകണമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഡൽഹിയിലെ മർക്കസിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം ഏറെ വിവാദമായിരുന്നു. സമ്മേളനം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ മർകസിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡാണ് കോടതിയെ സമീപിച്ചത്.