ചെന്നൈ: പതിവിന് വിപരീതമായി ബൗളർമാർ കളം നിറഞ്ഞ ഇന്നലത്തെ ഐ.പി.എൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസ് പത്ത് റൺസിന് കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 152 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ അതേസമയം മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരാണ് കൈവിട്ട കളി മുബയ്ക്ക് തിരികെപ്പിടിച്ചു കൊടുത്തത്. ഈസീസണിൽ മുംബയുടെ ആദ്യ ജയമാണിത്. രാഹുൽ ചഹർ നാല് ഓവറിൽ 27 റൺസ് നൽകി മുംബയ്ക്കായി 4 വിക്കറ്ര് സ്വന്തമാക്കി. ട്രെൻഡ് ബൗൾട്ട് രണ്ടും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്രും വീഴ്ത്തി. നിതീഷ് റാണയും (57), ശുഭ്‌മാൻ ഗില്ലും (33) ഒന്നാം വിക്കറ്രിൽ 8.5 ഓവറിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് നൽകിയത്. ഗില്ലിനെ പൊള്ളാഡിന്റെ കൈയിൽ എത്തിച്ച് ചഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരു ഘട്ടത്തിൽ 12.5 ഓവറിൽ 104/3 എന്ന നിലയിലായിരുന്ന കൊൽക്കത്ത മുംബയുടെ ഡെത്ത് ബൗളിംഗിനു മുന്നിൽ കുടുങ്ങി കൈയിലിരുന്ന വിജയം കളയുകയായിരുന്നു. ക്യാപ്ടൻ മോർഗൻ (9), ഷാക്കിബ് അലി ഹസ്സൻ (9),ദിനേഷ് കാർത്തിക് (പുറത്താകാതെ 8), ആന്ദ്രേ റസ്സൽ (9), രാഹുൽ ത്രിപതി(5) തുടങ്ങിയ വമ്പനടിക്കാരെല്ലാം നിരാശപ്പെടുത്തി.
നേരത്തേ ഡെത്ത് ഓവറിൽ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ കൊൽക്കത്തയുടെ കരീബിയൻ ആൾ റൗണ്ടർ ആന്ദ്രേ റസ്സലാണ് വലിയ സ്കോറിലേക്കുള്ള മുംബയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. 2 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്താണ് റസ്സലിന്റെ അഞ്ച് വിക്കറ്റ് നേട്ടം. പതിനെട്ടാം ഓവറിലാണ് റസ്സൽ പന്തെറിയാനെത്തിയത്. ആ ഓവറിൽ കീറോൺ പൊള്ളാഡിന്റേയും (5), ക്രുനാൽ പാണ്ഡ്യയുടേയും (15) വിക്കറ്റെടുത്ത റസ്സൽ അടുത്ത ഓവറിൽ മാർക്കോ ജാൻസൺ (0), ജസ്പ്രീത് ബുംറ (0), രാഹുൽ ചഹർ (8) എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.
36 പന്തിൽ 7 ഫോറും രണ്ട് സിക്സും ഉൾപ്പെടെ 56 റൺസെടുത്ത സൂര്യകുമാർ യാദവിന്റേയും 32 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയുടേയും ബാറ്റിംഗിന്റെ പിൻബലത്തിലാണ് മുംബയ് 150 കടന്നത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
സൺറൈസേഴ്സ് - ആർ.സി.ബി
വിഷുദിനത്തിലെ ഐ.പി.എൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്രേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യ മത്സരത്തിൽ മുംബയിയെ രണ്ട് വിക്കറ്റിന് കീഴടക്കിയതിന്റെ ആത്മ വിശ്വാസത്തിലാണിറങ്ങുന്നത്.
സൺറൈസേഴ്സ് ആദ്യ മത്‌സരത്തിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനോട് വഴങ്ങിയ തോൽവി മറക്കുന്ന പ്രകടനമാണ് ലക്ഷ്യം വയ്ക്കുന്നത്.