കൊച്ചി: വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കുമ്പളത്തെ റിസോർട്ടിൽ ലൈംഗികമായി പീഢിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോർജിന്റെ ചതിയിൽ പെട്ടത് നിരവധി യുവതികൾ. മലേഷ്യയിൽ ഇയ്യാളുടെ തട്ടിപ്പിന് ഇരയായത് 17 പേരാണ്. വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഇവരിൽ നിന്നും പത്തുകോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്.
ടിജുവിന്റെ തട്ടിപ്പിനിരയായ യുഎഇയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിക്ക് പണം തിരിച്ചു നൽകാൻ ചെങ്ങന്നൂർ കോടതി വിധിച്ചെങ്കിലും ഇയ്യാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇയാൾ തന്നിൽ നിന്നും വൻതുക തട്ടിയെടുത്തതായി യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചിതയായ തന്നെ, ഭാര്യ ഉപേക്ഷിച്ച് പോയ ആളാണെന്ന് വിശ്വസിപ്പിച്ചാണ് വെബ്‌സൈറ്റ്‌വഴി ആലോചനയുമായി സമീപിച്ചതെന്ന് ഇവർ വെളിപ്പെടുത്തി.
ഭാര്യ ഉപേക്ഷിച്ച സങ്കടത്തിൽ ആത്മഹത്യാ ശ്രമം നടത്തിയതിന്റെ തെളിവായി ടിജു കയ്യിലെ മുറിവുകളും കാണിച്ചു. വീട്ടുകാർ ഇടപെട്ടായിരുന്നു പിന്നീട് ആലോചനയും ചടങ്ങുകളും. അപ്പോഴാണ് യുഎസിൽ പോകുന്നതു കൂടി ലക്ഷ്യമിട്ട് നാട്ടിലെ സ്ഥലം വിറ്റത്. ഈ സമയം ടിജുവും പിതാവും മസ്‌ക്കറ്റിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തി, കേസിൽപ്പെട്ട് ജയിലിലാകുന്ന സാഹചര്യമുണ്ടായി. മറ്റൊരാൾ പണം അപഹരിച്ചതാണെന്നും നാട്ടിൽ പോകണമെങ്കിൽ അവിടെ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞാണ് ടിജു പണം വാങ്ങിയത്.
പിന്നാലെയാണ് ഇയാളുടെ തട്ടിപ്പിനെപ്പറ്റിയും പത്താംക്ലാസ് മുതൽ പെൺകുട്ടികളെ പറ്റിച്ചതിനെപ്പറ്റിയും അറിയുന്നത്. അനാഥരെയോ അമ്മയില്ലാത്തവരെയോ ഒക്കെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കുക. തമിഴ് മാട്രിമൊണി വഴി ഒരു അനാഥയടക്കം 17 പെൺകുട്ടികളെ പറ്റിച്ചു. അതിലൊരു കുട്ടി സംശയം തോന്നി ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ടിജുവിന്റെ തട്ടിപ്പിനെതിരെ താനിട്ട പോസ്റ്റ് കണ്ട് ബന്ധപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നുമാണ് ടിജു പലരേയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നിപ്പിക്കുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിച്ചതായും തട്ടിപ്പിന് ഇരയായവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയ്യാളുടെ തട്ടിപ്പിനിരയായവരിൽ പലരും ലൈംഗിക പീഡനത്തിനും ഇരയായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.