തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം തുറന്ന സിനിമ തീയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതും നിയന്ത്രണങ്ങൾ കടുത്തതുമാണ് തീയേറ്റർ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്.
വിഷു റിലീസായി എത്തിയ ചിത്രങ്ങൾ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുർമുഖം, നിഴൽ, കർണൻ എന്നിങ്ങനെ വിവിധതരം പ്രേക്ഷകരെ ആകർഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകൾ കൂടിയതോടെ തീയേറ്ററുകളിൽ പ്രേക്ഷകർ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ ചിത്രങ്ങൾ റിലീസിന് എത്തിയത്. എന്നാൽ കൊവിഡും വേനൽ മഴയുമടക്കം വലിയൊരു ശതമാനം പ്രേക്ഷകരും ഒ ടി ടി ചിത്രങ്ങൾക്ക് പിറകെ പോവുകയാണ്. പകുതി സീറ്റുകൾ ഒഴിച്ചിട്ട് നടത്തുന്ന ഷോകളിൽ സിനിമ കാണാൻ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളിൽ വരെ വളരെ കുറച്ച് പേർ മാത്രമാണ് എത്തുന്നത്. റംസാൻ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളർത്തും. മലബാർ മേഖലയിൽ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.