k-t-jaleel

കൊച്ചി: ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇന്നലെ രാജിവച്ച കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സർക്കാരിന് തന്നെ നേരിട്ട് എതിർത്ത് ഹർജി നൽകാമെന്ന് നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്‌ത് ജലീലാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജലീലിനൊപ്പം സർക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്‌ത് ഹർജി നൽകാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരിക്കുന്നത്.

ജലീലിന് എതിരായ ഉത്തരവിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എ ജി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോകായുക്ത ആക്‌ട് സെക്ഷൻ 9 പ്രകാരമുളള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എ ജി വ്യക്തമാക്കുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്.

ജലീലിന് പരാതിയുടെ പക‍ർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമാണെന്നും ഇത് നിലനിൽക്കില്ലെന്നും എ ജി നിയമോപദേശത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും തുടർനടപടികൾ സ്വീകരിക്കാമെന്നാണ് എ ജി പറയുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. ജലീൽ മന്ത്രിസ്ഥാനത്തുനിന്ന് രാജി വച്ചതായി അഭിഭാഷകൻ വാദത്തിനിടെ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചിരുന്നു. ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് കെ ടി ജലീൽ ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് രാജിക്കത്ത് നൽകിയത്.