covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്നലെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരവും നല്‍കിയിരുന്നു. കേരളത്തില്‍ ഇന്നലെ 7515 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടുന്നു.

ഇതിനിടെ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ കൂടുതല്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് മൊബൈല്‍ ലാബുകള്‍ തയാറാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താന്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും വ്യാപിപ്പിക്കും. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതല്‍. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാനാണ് തീരുമാനം.

രോഗലക്ഷണങ്ങളുള്ളവരില്‍ ആന്റിജനൊപ്പം പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. ഇതുകൂടാതെ ലാബുകളുടെ കുറവുള്ള ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. നിലവില്‍ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ 10 ആര്‍ ടി പിസിആര്‍ മൊബൈല്‍ ലാബുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്. ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുള്ള സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നോ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വരുന്ന കമ്പനികളുമായി ചേര്‍ന്നോ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാനാണ് ശ്രമം.

സ്വകാര്യ ലാബുകളില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ യൂണിറ്റില്‍ പരിശോധന ചെലവ് 500 രൂപയില്‍ താഴെ മാത്രമാണ്. അതിനാല്‍ പരമാവധിപേരെ പരിശോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗമുള്ളവരെ വളരെ വേഗത്തില്‍ കണ്ടെത്തി രോഗവ്യാപനമുണ്ടാക്കാതെ നിരീക്ഷണത്തിലാക്കാനാണ് വ്യാപക പരിശോധന നടക്കുന്നത്. നിലവിലെ തീവ്രവ്യാപന സാഹചര്യത്തില്‍ ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണം ഒരു ലക്ഷംവരെ ആക്കണമെന്ന ആവശ്യം ആരോഗ്യ വിദഗ്ദ്ധരും മുന്നോട്ട് വച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധം ശക്തമാക്കും. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. ജില്ലാ തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരും. രാജ്യത്തിലെ ആവിശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്‌സിന്‍ വിദേശത്തേക്ക് അയക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് മഹാരാഷ്ട്രക്ക് പുറമേ നിരവധി മറ്റു സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിട്ടുണ്ട്. ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ രാത്രി കര്‍ഫ്യൂ ആരംഭിച്ചിട്ടുണ്ട്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞദിവസം ഇന്ത്യയില്‍ 1.6 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 56,522 കേസുകള്‍മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ 40,000-നടുത്ത് മാത്രമാണ് പുതിയ കേസുകള്‍. എന്നാൽ പ്രതിദിന മരണനിരക്കില്‍ അമേരിക്കയെക്കാളും ഇന്ത്യയെക്കാളും മുന്നിലാണ് ബ്രസീല്‍.