മോഹൻലാലിനെ നായകനായി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ ആരാധകർക്ക് ആവേശം പകരുന്ന മാസ് എന്റർടെയ്‌നർ ആയിരിക്കും ആറാട്ടെന്ന് സൂചന നൽകുന്നതാണ് ചിത്രത്തിന്റെ ടീസർ. മുണ്ടു മടക്കികുത്തി മീശപിരിച്ചുളള ആക്ഷൻ രംഗങ്ങളും തട്ടുപൊളിപ്പൻ ഗാനങ്ങളുമെല്ലാം ടീസറിൽ വന്നുപോകുന്നുണ്ട്. ടീസറിൽ മോഹൻലാൽ പറയുന്ന തെലുങ്ക് സംഭാഷണം ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.