ഒരു സ്ഥലത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതം, അതിശയം, നിഗൂഢത എന്നിവക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കും. അതിന് തെളിലാണ് മെക്‌സിക്കോയിലെ ഡോള്‍സ് ദ്വീപ്. സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇവിടത്തെ നിഗൂഢതകള്‍ കണ്ടെത്താന്‍ ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് അത്ഭുതം. ഈ ദുരൂഹതതന്നെയാണ് ഈ ദ്വീപിനെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാക്കിയത്.
സോചിമില്‍കോയ്ക്കും മെക്‌സിക്കോ സിറ്റിക്കും ഇടയിലുള്ള ടെഷുയില്‍ തടാകത്തിലാണ് ഡോള്‍സ് ദ്വീപ് എന്ന ഈ പാവകളുടെ ദ്വീപ് സ്ഥിതിചെയ്യുന്നത്. കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മിച്ച ചൈനാംപാസ് എന്ന കൃത്രിമ ദ്വീപുകളില്‍ ഒന്നായിരുന്നു ഇത്. ഈ ദ്വീപുകള്‍ തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നില്‍ക്കുന്നതിനാല്‍ 'ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍സ്' എന്നും വിളിക്കപ്പെടുന്നു. കാലക്രമേണേ തടാകം ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ ദ്വീപ് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നിലവില്‍ ഇവിടെ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള അനുമതിയില്ല. ബോട്ടില്‍ എത്തുന്ന സഞ്ചാരികള്‍ രണ്ടോ മുന്നോ മണിക്കൂര്‍ ഇവിടെ ചിലവഴിച്ച് മടങ്ങുകയാണ് പതിവ്.
ജീവന്‍ വയ്ക്കുന്ന പാവകള്‍
ദ്വീപിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ ആകര്‍ഷിക്കുന്നത് തൂക്കിയിട്ടിരിക്കുന്ന പലതരത്തിലുള്ള പാവകളാണ്. കേടുപറ്റിയതും അല്ലാത്തതുമായ പാവകളെ പലയിടത്തായി കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. ഒരു ദ്വീപ് മുഴുവന്‍ പാവകള്‍. രാത്രിയില്‍ ഈ പാവകള്‍ക്ക് ജീവന്‍ വയ്ക്കുമെന്നും പാവകളുടെ സ്ഥാനം മാറുമെന്നും രാത്രിയില്‍ പേടിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുമെല്ലാം സമീപ ദ്വീപുകളിലെ ജനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഇവിടെ എത്തിയ ചില വിനോദസഞ്ചാരികളും ഇതൊക്കെ ശരിയാണെന്ന് സമ്മതിക്കും. അത് എന്തുതന്നെയായാലും ഈ പാവകളുടെ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇഷ്ടയിടമാണ്.
ദ്വീപിൽ പാവകള്‍ വന്നത് ഇങ്ങനെ
1950 കളില്‍ നടന്ന ഒരു ദുരന്തവുമായി ഈ പാവ ചരിത്രത്തിന് ബന്ധമുണ്ട്. പഴങ്ങളും പച്ചക്കറികളും വളര്‍ത്തുന്നതിനായി ജൂലിയന്‍ സാന്റാന ബാരേര എന്നയാള്‍ ദ്വീപില്‍ ഒറ്റയ്ക്ക് താമസം തുടങ്ങി. ഒരു ദിവസം അദ്ദേഹം ദ്വീപില്‍ നടക്കുന്നതിനിടെ, മുങ്ങിമരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആ കാഴ്ചയില്‍ അസ്വസ്ഥനായ അദ്ദേഹം മരിച്ച കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന പാവയെടുത്ത് മരത്തില്‍ തൂക്കിയിട്ടു. കാലക്രമേണ, ദുരന്തത്തിന്റെ ഓര്‍മയില്‍ ഉപേക്ഷിക്കപ്പെട്ടതോ ഒഴുകി വരുന്നതോ ആയ പാവകളെ ശേഖരിച്ച് ഇത്തരത്തില്‍ അയാള്‍ മരങ്ങളില്‍ കെട്ടിത്തൂക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മരിച്ച അതേ സ്ഥലത്തു തന്നെ ഈ മനുഷ്യനും മുങ്ങിമരിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നൂറുകണക്കിന് പാവകളെയാണ് ഇങ്ങനെ കെട്ടിത്തൂക്കിയിട്ടത്. ഇങ്ങനെയാണ് ദ്വീപില്‍ പാവകള്‍ എത്തിയതെന്നാണ് ചരിത്രം.