കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എ പ്രദീപ്കുമാർ എം എൽ എ, പി എ മുഹമ്മദ് റിയാസ്, ഡോക്‌ടർമാർ എന്നിവർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്‌ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്‌ടർമാർ പറഞ്ഞു. ആദ്യഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിയ്‌ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകൻ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.