തനിക്ക് നേരെ നടക്കുന്ന ട്രോള്‍ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടന്‍ കൈലാഷ്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പരിഹാസം ശക്തമായത്. ഇതിനോടാണ് താരത്തിന്റെ പ്രതികരണം.
സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം താന്‍ ഏറ്റുവാങ്ങുന്നുവെന്ന് കൈലാഷ് ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്‌നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമെന്നും താരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടന്‍ ചുരം കയറിയത്. ഈ വേളയില്‍, 'മിഷന്‍ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.
വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി.. നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ,മനപ്പൂര്‍വ്വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ.
വഴിയരികില്‍ നിറയെ മഞ്ഞ പടര്‍ത്തി കണിക്കൊന്നകള്‍...'മഞ്ഞ'യ്ക്കുമുണ്ട് വിവിധാര്‍ത്ഥങ്ങള്‍. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്‌നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.
ഏവര്‍ക്കും വിഷു ദിനാശംസകള്‍ !
ഒപ്പം പുണ്യ റംസാന്‍ ആശംസകളും.'
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം...
Posted by Kaillash on Tuesday, April 13, 2021