k-sudhakaran

തിരുവനന്തപുരം: കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. മൻസൂർ വധക്കേസ് വഴിതിരിച്ചു വിടാനാണ് ശ്രമമെങ്കിൽ നടക്കില്ലെന്നും ഞങ്ങൾ പിന്നാലെയുണ്ടെന്നും ജയരാജനെ ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെക്കൊണ്ട് കൊലക്കത്തി താഴെ വയ്പ്പിക്കും. ഞങ്ങൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യാവസ്ഥ പുറത്ത് കൊണ്ട് വരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പ്രതികളെ കൊന്ന പാരമ്പര്യം സി.പി.എമ്മിന് ഒന്നൊന്നുമല്ല. പത്ത് പ്രതികളെയാണ് ഇവർ കൊന്നത്. പാർട്ടി വേണ്ടി പ്രവർത്തിച്ച് പാർട്ടി പറയുമ്പോൾ ഗുണ്ടാപണിയെടുക്കുന്നവരെയാണ് വെട്ടി കൊന്നത്. തെളിവുകൾ അവരിൽ നിന്നും പുറത്ത് പോകുമെന്ന് കാണുമ്പോഴാണ് സഖാക്കളെ ബലികൊടുക്കുന്നത്. ലോകത്ത് അങ്ങനെയൊരു പാർട്ടിയുണ്ടാവുമോ എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ കൊണ്ട് കത്തി താഴെ വയ്പ്പിക്കും. ഞങ്ങൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യാവസ്ഥ പുറത്തു കൊണ്ടുവരും. അന്വേഷിക്കാൻ ഞങ്ങളുടെ പാർട്ടിക്കും ഉണ്ട് മെക്കാനിസം. സുധാകരന് എവിടുന്നാണ് തെളിവെന്ന് ചോദിച്ചാൽ എന്റെ ആയിരക്കണക്കിന് പാർട്ടിക്കാരുള്ള പ്രദേശമാണ് പാനൂർ. അതുകൊണ്ട് എന്റെ മൊഴി എവിടെ വേണമെങ്കിലും ജയരാജന് മാറ്റുരക്കാംമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മൻസൂർ വധക്കേസ് പ്രതിയായ രതീഷിന്റെ ആത്മഹത്യക്ക് കാരണം ലീഗാണെന്ന് കഴിഞ്ഞ ദിവസം ജയരാജൻ ആരോപിച്ചിരുന്നു. അന്യായമായി കൊലക്കേസിൽ പ്രതിചേർത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് ലീഗ് പ്രവർത്തകർ രതീഷിനെ മർദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ ആരോപണം ഉന്നയിച്ച് രതീഷിന്റെ അമ്മയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് മരണപ്പെട്ട രതീഷ്.