kumbhamela-

ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 30 വരെ മേള തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതിനാൽ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.

ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 184 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. 14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി,ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കൊവിഡ് പോസിറ്റീവായി.

അഖിലേഷ് യാദവ് ഞായറാഴ്ച ഹരിദ്വാര്‍ സന്ദര്‍ശിച്ച് ഇവിടുത്തെ പ്രധാന പൂജാരിമാരെ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്ര ഗിരിയേയും അഖിലേഷ് യാദവ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് കുഭമേളയ്ക്ക് എത്തിയിരുന്നില്ല. കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.

ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാൻ എത്തുന്നത്. ഇത്രയും ആളുകൾ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ പേർ സ്നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ 1,925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.