
ന്യൂയോർക്ക്: രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിൽനിന്ന് അമേരിക്കൻ സേന പൂർണമായി പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഈ വർഷം സെപ്‌തംബർ 11 ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂർണമായും പ്രാബല്യത്തിൽ വരും. ബുധനാഴ്ച വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ബൈഡൻ നിർണായക പ്രഖ്യാപനം നടത്തിയത്.
അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഭീകരർ ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം പ്രവർത്തികൾക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യുഎസിനെ ഭീഷണിപ്പെടുത്താൻ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. ഇത് അഫ്ഗാൻ സർക്കാർ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂർണ ശ്രദ്ധ കൊടുക്കുന്നത്' – ബൈഡൻ പറഞ്ഞു.
യുഎസ് സൈന്യത്തിനൊപ്പം നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂർണമായും പിന്മാറുമെന്നാണ് ബൈഡൻ വ്യക്തമാക്കിയത്. 2001 സെപ്‌തംബർ 11നാണ് യുഎസിന്റെ വേൾഡ് ട്രേഡ് സെന്ററിലേക്ക് യാത്രാ വിമാനം ഇടിച്ചിറക്കി ഭീകരർ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടി നൽകാനാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ അൽ ഖ്വയിദയ്‌ക്ക് നേരെ യുദ്ധം ആരംഭിച്ചത്.