ലക്‌നൗ: കാമുകനുമായി മൊബൈൽ ഫോണിൽ ചാറ്റുചെയ്യുന്നതിനെ എതിർത്ത ഒൻപതുകാരനായ സഹോദരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം സ്റ്റോർറൂമിൽ ഒളിപ്പിച്ച 15കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവം രണ്ടുദിവസം മുമ്പാണ് പുറത്തറിഞ്ഞത്.
പൊലീസ് പറയുന്നത്:
ഒരു യുവാവുമായി പെൺകുട്ടി ഏറെ നാളായി അടുപ്പത്തിലായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്തപ്പോൾ മണിക്കൂറുകളോളം ഇയാളുമായി ഫോണിൽ ചാറ്റുചെയ്യുകയും സംസാരിക്കുന്നതും പതിവായിരുന്നു. സഹോദരൻ ഇതിനെ എതിർത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ സഹോദരൻ വിവരം മാതാപിതാക്കളെ അറിയിച്ചു. ഇനിമേലിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടാവരുതെന്ന് അവർ താക്കീതുചെയ്തു. ഒന്നുരണ്ടുദിവസം കാമുകനുമായി സംസാരിക്കുന്നത് ഒഴിവാക്കിയെങ്കിലും മാതാപിതാക്കൾ ജോലിക്കുപോയതോടെ വീണ്ടും തുടർന്നു. ഇതിനെ സഹോദരൻ എതിർത്തു. ഇതോടെ കലിപൂണ്ട പെൺകുട്ടി സഹോദരനെ ആക്രമിച്ചു. അടിയേറ്റുവീണ കുട്ടിയുടെ കഴുത്തിൽ ഇയർഫോണിന്റെ വയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കുകയും ചെയ്തു. മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം വീടിന്റെ സ്റ്റോർമുറിയിൽ ആരുംകാണാതെ ഒളിപ്പിച്ചു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. തുടർന്ന് പൊലീസിനെ വിവരമറിച്ചു. അവർ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചത്. സംശയം തോന്നി മുറി തുറന്ന് പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനിടെ അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കളിൽ ചിലർ രംഗത്തെത്തി. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമായി. ഇതാേടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യംചെയ്തു. എന്നിട്ടും വ്യക്തമായ സൂചനകൾ ഒന്നും കിട്ടിയില്ല. ഇതിനിടെ പതിനഞ്ചുകാരിയുടെ വയറ്റിലും കൈയിലും കഴുത്തിലും നഖംകൊണ്ട് മാന്തിയതുപോലുള്ള മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നി വിശദമായി ചോദ്യംചെയ്തപ്പോൾ പെൺകുട്ടി എല്ലാം തുറന്നുപറയുകയായിരുന്നു.