shailaja

കണ്ണൂർ: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുളളതെന്നും കൊവിഡ് പടരാൻ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗതീവ്രതയുളള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക്‌ഡൗൺ വേണ്ടിവരും. സമ്പൂർണ ലോക്ക്‌ഡൗൺ ഇനി ബുദ്ധിമുട്ടുളള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. മെഗാ വാക്‌സിനേഷൻ ക്യാമ്പിലൂടെ എല്ലാവർക്കും വാക്‌സിൻ നൽകാനുളള ദൗത്യം കേരളം നിർവഹിക്കുമ്പോൾ വാക്‌സിൻ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ ഡോസ് നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. കേന്ദ്രസർക്കാർ സമ്മതിക്കണം. സ്വകാര്യ മേഖലയിൽ വാക്‌സിൻ വാങ്ങാനുളള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്‌സിനേഷൻ വേഗത വർദ്ധിപ്പിക്കാൻ സാധിച്ചേക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തിന് അടിയന്തര നടപടികൾ കേന്ദ്രം കൈകൊളളണം. അടുത്ത ദിവസങ്ങളിൽ വലിയ തോതിൽ വാക്‌സിൻ ലഭ്യമായിട്ടില്ലെങ്കിൽ സംസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.