വളർത്തുമൃഗങ്ങൾക്ക് ഉടമകളോടുളള വിശ്വാസ്യതയും സ്‌നേഹവും തെളിയിക്കുന്ന പല കഥകളുണ്ട്. മൃഗങ്ങളിൽ മനുഷ്യനോട് വലിയ കൂറ് കാണിക്കുന്നതിൽ മുൻപന്തിയിലാണ് നായ്‌ക്കൾ. പെട്ടിമുടി ദുരന്തമുണ്ടായ സമയത്ത് കുവി എന്ന നായയുടെ കഥ നമ്മുടെ നാട്ടിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. അതുപോലെ ഒരു നായയുടെ വിശ്വസ്‌തതയുടെ കഥയാണ് ഇനി പറയാൻ പോകുന്നത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലാണ് സംഭവം.
കൻസാസ് സിറ്റി പൊലീസ് വകുപ്പ് ഫേസ്‌ബുക്കിലൂടെയാണ് നായയുടെ കഥ പുറത്തുവിട്ടത്. തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയയാൾക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഉടമയ്‌ക്ക് ശരീര സുഖമില്ലെന്ന് മനസിലാക്കിയ നായ തിരികെയോടി ഉടമയുടെ അയൽപക്കക്കാരെ കുരച്ച് ബഹളമുണ്ടാക്കി സ്ഥലത്തെത്തിച്ചു. തുടർന്ന് സംഭവം മനസിലാക്കിയ അയൽവാസി പൊലീസിനെ വിളിച്ചുവരുത്തി ഉടമയെ ആശുപത്രിയിലെത്തിച്ചു.
കൃത്യസമയത്തുളള നായയുടെ പ്രവർത്തി കാരണം ഉടമ രക്ഷപ്പെട്ടു. ഇപ്പോൾ രോഗം ഭേദമായി വരികയാണെന്നും കൻസാസ് സിറ്റി പൊലീസ് അറിയിച്ചു. ബുദ്ധിപൂർവം പ്രവർത്തിച്ച നായയ്‌ക്ക് അയൽവാസികളും പൊലീസും ആവശ്യത്തിന് ഭക്ഷണം നൽകി അഭിനന്ദിച്ചു.