vaccination

ലക്നൗ: ആദ്യഡോസായി കൊവാക്സിനും രണ്ടാം ഡോസായി കൊവിഷീൽഡും കുത്തിവച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലാണ് സംഭവം. ഡ്രൈവറായി ജോലിനോക്കുന്ന ഉമേഷ് എന്നയാളാണ് വ്യത്യസ്ത കൊവിഡ് വാക്സിനുകൾ നൽകിയെന്ന പരാതിയുമായി രംഗത്തെത്തിയത്. സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. വ്യത്യസ്ത വാക്സിനുകൾ നൽകിയെന്നത് സത്യമാണെന്നും എന്നാൽ അതുകൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാക്സിനുകളുടെ മിശ്രിതം രോഗികൾക്ക് നൽകുന്നത് കൂടുതൽ പ്രയോജനം ചെയ്യുമോ എന്നറിയാനുള്ള പരീക്ഷണങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ടുചെയ്തത്. മിശ്രിത വാക്സിനുകൾ നൽകുന്നത് മികച്ച രോഗപ്രതിരോധശേഷി ഉണ്ടാക്കുമെന്നാണ് കരുതുന്നത്. എന്നാൽ പരീക്ഷണങ്ങളിൽ ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇതുകാരണം സംസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ മുടങ്ങുന്ന അവസ്ഥയിലാണ്. കൊവിഷീൽഡ് വാക്‌സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെയാണിത്. അതിനാൽ വാക്‌സിനേഷൻ ക്യാംപുകൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത ബാച്ച് വാക്‌സിൻ എത്തിയാൽ മാത്രമേ നാളെ വീണ്ടും ക്യാംപുകൾ പുനരാരംഭിക്കാൻ കഴിയൂ.രണ്ട് ലക്ഷം ഡോസ് കൊവാക്‌സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മാസ് വാക്സീനേഷൻ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു.