chattisgargh

റായ്‌പൂർ: അതിവേഗ കൊവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും അതിരൂക്ഷമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമം മുതൽ ആശുപത്രികളിലെ കാര്യങ്ങൾ വരെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ കൊവിഡ് രൂക്ഷമായ രോഗികൾക്ക് നൽകാനുള‌ള വെന്റിലേ‌‌റ്ററുകൾ മാലിന്യം നിറച്ച ലോറിയിൽ കൊണ്ടുപോയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മ‌റ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ഛത്തീസ്‌ഗഢിൽ നിന്നാണ് ആ കാഴ്‌ച.

പിപിഇ കി‌റ്റണിഞ്ഞ ആരോഗ്യ പ്രവർത്തകർ മാലിന്യം ശേഖരിക്കുന്ന പിക്കപ് ഓട്ടോയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതാണ് വീഡിയോയിൽ. രാജ്‌നന്ദ്‌ഗാവൊൻ ജില്ലയിലെ ഒരു സമൂഹ ശ്‌മശാനത്തിലേക്കാണ് ഈ മൃതദേഹങ്ങൾ കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ മൃതദേഹം കൊണ്ടുപോകാൻ വാഹനം ഏർപ്പെടുത്തുന്നത് സി.എം.ഒയുടെയും പഞ്ചായത്തിന്റെയും ചുമതലയാണെന്നായിരുന്നു മുഖ്യ മെഡിക്കൽ ഹെൽത്ത് ഓഫീസറുടെ പ്രതികരണം.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. ഒരു ലക്ഷത്തിലേറെ ആക്‌ടീവ് കേസുകൾ സംസ്ഥാനത്തിലുണ്ട്. ഇന്നലെ 14,250 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 120 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ 4,86,244 പേർ‌ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 5307 ആണ്. ഇവിടെ രോഗവ്യാപനം കുറയ്‌ക്കാൻ സർവകക്ഷിയോഗം ഇന്ന് വിളിച്ചുചേർത്തിരിക്കുകയാണ് സർക്കാർ.