ksfe

പണത്തിന് അത്യാവശ്യം വരുമ്പോൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയാണ് കൂടുതൽപേരുടെയും മുന്നിലുള്ള പ്രധാന പോംവഴി. ദേശസാൽകൃത ബാങ്കുകൾ ഉൾപ്പടെ സ്വർണപ്പണയം സ്വീകരിക്കുന്ന നിരവധി ധനകാര്യ സ്ഥാപനങ്ങൾ നാട്ടിൽ കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്. പക്ഷേ, ഇതിൽ പലതിലും കഴുത്തറുപ്പൻ പലിശയാണെന്നത് വേറെ കാര്യം. പലിശയും കൂട്ടുപലിശയുമൊക്കെയായി ഉപഭോക്താക്കളുടെ പോക്കറ്റ് അവർ ഊറ്റിയെടുക്കും.

ഇവിടെയാണ് കെ എസ് എഫ് ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വ്യത്യസ്തമാകുന്നത്. കുറഞ്ഞ പലിശനിരക്ക്, എളുപ്പത്തിൽ സ്വർണപ്പണയത്തിൽ വായ്പ ലഭിക്കുന്നു, പുതുക്കിവയ്ക്കാൻ കൂടുതൽ തവണകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സാധാരണക്കാരുൾപ്പടെയുള്ളവർ കെ എസ് എഫ് ഇയെ ആശ്രയിക്കാൻ പ്രധാനകാരണവും ഇതൊക്കെ തന്നെയാണ്.

ഒരാൾക്ക് ഒരുദിവസം പരമാവധി 25 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുന്നത്. 10,000 രൂപവരെയുളള വായ്പകൾക്ക് 8.5 ശതമാനം മാത്രമാണ് വാർഷിക പലിശനിരക്ക്. മറ്റുസ്ഥാപനങ്ങൾ മാസംതോറുമോ മൂന്നുമാസം കൂടുമ്പോഴോ പലിശ കണക്കാക്കി മുതലിൽ കൂട്ടിച്ചേർത്ത് കൂട്ടുപലിശ ഈടാക്കുമ്പോൾ കെ എസ് എഫ് ഇയിൽ സ്വർണ വായ്പയ്ക്ക് സാധാരണ പലിശ മാത്രമാണ് ഉള്ളത്.

12 മാസത്തെ കാലാവധിയുള്ള വായ്പകൾക്ക് പലിശമാത്രം അടച്ച് മൂന്നുവർഷംവരെ പുതുക്കിയെടുക്കാനുള്ള അവസരവും കെ എസ് എഫ് ഇ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. പണയസ്വർണം നഷ്ടപ്പെടാതെ തിരിച്ചെടുക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. വിവാഹാവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ പ്രത്യേ വായ്പാ പദ്ധതിയും കെ എസ് എഫ് ഇ ഒരുക്കുന്നുണ്ട്. തിരിച്ചടവിനുള്ള ശേഷി ബോദ്ധ്യപ്പെടുത്തിക്കൊടുത്താൽ കനകധാര വായ്പ ഉപയോഗിച്ച് ബി ഐ എസ് 916 ഹാൾ മാർക്ക് സ്വർണാഭരണങ്ങൾ വാങ്ങാനും സാധിക്കും.