nambi-narayanan

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് വരുംദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസ് രാഷ്‌‌ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കും. നമ്പി നാരായണനെതിരായ ഗൂഢാലോചനയിൽ സി ബി ഐയുടെ തുടരന്വേഷണത്തിനുളള സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ കോൺഗ്രസിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം അനുകൂലമായി കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ നിലവിൽ വന്നാൽ തുടക്കത്തിൽ തന്നെ അതിനെ പിടികൂടുന്ന ഭൂതമായിരിക്കും ചാരക്കേസ്. അന്ന് കരുണാകരനെതിരെ കരുക്കൾ നീക്കിയ പലരും ഇന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തരാണെന്ന് പാർട്ടിയിലെ നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്.

സി ബി ഐ അന്വേഷണത്തിന് കോടതി നിബന്ധന വയ്‌ക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഐ ബി ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും തിരിഞ്ഞേക്കാമെന്നാണ് പലരും ഉറച്ച് വിശ്വസിക്കുന്നത്. ചാരക്കേസ് ഇതോടെ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കൈയിലെ ആയുധമായി മാറാം. നമ്പിനാരായണന് എതിരെ ഗൂഢാലോചന നടന്നു എന്ന് പ്രധാനമന്ത്രി ഉൾപ്പടെയുളളവർ രാഷ്ട്രീയ യോഗങ്ങളിൽ ആരോപിച്ചിരുന്നു.

ജസ്റ്റിസ് ജയിൻ കമ്മിഷന്റെ റിപ്പോർട്ട് പ്രാഥമിക റിപ്പോർട്ട് മാത്രമായി കണക്കാക്കിയാൽ മതിയെന്നാണ് കോടതി നിർദേശം. അതായത് ജസ്റ്റിസ് ജയിന്റെ കണ്ടെത്തലിന് അപ്പുറത്തേക്ക് പോകാൻ സി ബി ഐയ്‌ക്ക് കഴിയുമെന്ന് സാരം. ഒരുപക്ഷേ സ്വർണക്കടത്തും ഡോളർക്കടത്തും ഉൾപ്പടെയുളള കേസുകളിലൂടെ എൽ ഡി എഫ് സർക്കാരിനെതിരെ കേന്ദ്രം തീർത്ത പ്രതിരോധം യു ഡി എഫ് സർക്കാർ വന്നാൽ കേന്ദ്ര ഏജൻസിയായ സി ബി ഐ വഴി തുടർന്നേക്കാം. മറിച്ച് സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ കോൺഗ്രസിന് ചാരക്കേസിലെ അന്വേഷണം താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ ഷേക്കാകും.

ചാരക്കേസിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് കേരളത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ലയെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നു. ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ കെ കരുണാകരനെതിരായ രാഷ്ട്രീയ ഗൂഢാലോചന കൂടി ആയിരുന്നു ചാരക്കേസെന്ന് നരേന്ദ്രമോദി തന്നെ ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് കോൺഗ്രസുകാർ പ്രതീക്ഷിക്കുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുളളവരിൽ നിന്ന് സി ബി ഐ വിവരങ്ങൾ അറിയാൻ ശ്രമിക്കുമോ എന്നതും കേരള രാഷ്ട്രീയത്തിലെ കാത്തിരുന്ന് കാണേണ്ട ത്രില്ലറാണ്. മൂന്നു മാസത്തിനകം കോടതിക്ക് റിപ്പോർട്ട് നൽകണം എന്നതിനാൽ തന്നെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുളള കേരള രാഷ്ട്രീയം സംഭവബഹുലമായിരിക്കും.

ജയിൻ കമ്മിഷൻ റിപ്പോർട്ടിന്റെ ഉളളടക്കം രഹസ്യമായിരിക്കെ സി ബി ഐക്ക് വലിയ നീക്കങ്ങൾക്കുളള അവസരമാണ് സുപ്രീംകോടതി തുറന്നുകൊടുത്തിരിക്കുന്നത്. എൽ ഡി എഫിലെ പ്രമുഖ നേതാക്കൾക്കെതിരെയും അന്വേഷണം വന്നേക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. അന്വേഷണത്തെ സ്വാഗതം ചെയ്‌ത കേരളകൗമുദി ഓൺലൈനിനോട് സംസാരിച്ച കെ കരുണാകരന്റെ രണ്ട് മക്കളും തിരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കുന്ന ഘട്ടത്തിൽ സംഭവത്തിന്റെ ഉളളറകളിലേക്ക് കടക്കാൻ തയ്യാറായില്ല.