തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് കേസുകൾ രൂക്ഷമാകുന്നതിനിടെ ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി കുതിച്ചുയർന്നു. ഏപ്രിൽ ആദ്യ ആഴ്ച 1316 രോഗികളാണുണ്ടായിരുന്നത്. എന്നാൽ, ഇന്നലെ അവസാനിച്ച രണ്ടാമത്തെ ആഴ്ചയിൽ രോഗികളുടെ എണ്ണം 2390 ആണ്. നിലവിൽ 4,990 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 19, 747 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
ജനുവരിയിലെ അവസാനത്തെ ആഴ്ചയിൽ 2793 രോഗികളാണ് ഉണ്ടായിരുന്നത്. എന്നാൽ, മാർച്ച് രണ്ടാമത്തെ ആഴ്ച ആയപ്പോൾ രോഗികളുടെ എണ്ണം 1095 ആയി താഴുകയായിരുന്നു. എന്നാൽ, തുടർന്നങ്ങോട്ട് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. മാത്രമല്ല, രോഗമുക്തരാവുന്നവരുടെ എണ്ണവും കുറഞ്ഞു. മാർച്ച് മൂന്നാം ആഴ്ചയിൽ 3.1ശതമാനം ആയിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് ഏപ്രിൽ രണ്ടാമത്തെ ആഴ്ച ആയതോടെ 6.1 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ മാസം 10 മുതൽ തലസ്ഥാന ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ ഏഴിന് രോഗമുക്തരെക്കാൾ കൂടുതൽ ആയിരുന്നു രോഗികളുടെ എണ്ണമെന്നതും ശ്രദ്ധേയമാണ്.
സമ്പർക്ക വ്യാപനം വെല്ലുവിളി
ജില്ലയിൽ കൊവിഡ് ബാധിക്കുന്നവരിൽ സമ്പർക്ക രോഗികളുടെ എണ്ണവും കൂടി വരികയാണ്. സാമൂഹിക അകലം അടക്കമുള്ളവ പാലിക്കുന്നത് കർശനമായി നടപ്പാക്കിയിട്ടും സമ്പർക്ക വ്യാപനം തടയാനാകാത്തത് ആരോഗ്യ വകുപ്പിന് കടുത്ത ആശങ്കയും വെല്ലുവിളിയുമാണ്.
ആശങ്കയുണർത്തി മരണനിരക്കും
കൊവിഡ് വ്യാപനത്തോടൊപ്പം ജില്ലയിൽ മരണസംഖ്യ കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നു. കൊവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയിൽ 905 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പോസിറ്റീവാകുന്ന ആയിരം രോഗികളിൽ എട്ട് പേർ മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. പ്രായമേറിയവരുടെ എണ്ണം കൂടിയതും മൃതദേഹങ്ങളിലെ കൊവിഡ് പരിശോധന കർശനമാക്കിയതുമാണ് നിരക്ക് ഉയരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ, ഈ വാദം തള്ളുകയാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ.
കൂടുതൽ രോഗികളെ പ്രവേശിപ്പിച്ചേക്കും
കൊവിഡ് രൂക്ഷമായതോടെ ആശുപത്രികളിൽ കൂടുതൽ പേരെ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. ആശുപത്രികളിലെ സൗകര്യക്കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കൊവിഡ് ഇതര രോഗികൾ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിർദ്ദേശം സർക്കാർ നൽകിയത്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ കൊവിഡ് രോഗികൾക്ക് മാത്രമായി മുമ്പത്തെ പോലെ ചില ആശുപത്രികൾ പരിമിതപ്പെടുത്തുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. മാത്രമല്ല, കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്ന കാര്യവും സർക്കാർ സജീവമായി ആലോചിച്ചു വരികയാണ്.