മലയാളത്തിൽ ഒരുപിടി നല്ല ഗാനങ്ങൾ ആലപിച്ച മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ തമിഴിലും ഗായകന്റെ റോളിലെത്തുന്നു. യുവതലമുറയിലെ ഏറ്റവും മാർക്കറ്റ് വാല്യൂയുള്ള സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ദുൽഖർ തമിഴിൽ ഗാനം ആലപിക്കുന്നു. ദുൽഖർ തന്നെ മുഖ്യ വേഷത്തിലെത്തുന്ന പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹേ സിനാമിക"എന്ന ചിത്രത്തിലാണ് ദുൽഖർ പാടുന്നത്. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
തന്റെ ഗുരുക്കന്മാരിൽ നിന്ന് കിട്ടിയ വിഷു കൈനീട്ടമായി ഇതിനെ കാണുന്നുവെന്നാണ് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നെടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ദുൽഖർ പറഞ്ഞത്. തന്റെ പ്രിയപ്പെട്ട സംവിധായിക ബൃന്ദ മാസ്റ്ററുടെ ചിത്രം ഹേ സിനാമികയിൽ പാടാൻ സാധിച്ചത് സന്തോഷവും ഒപ്പം ഇത് ഗോവിന്ദ് വസന്തയുടെ സൂപ്പർ കൂൾ ട്രാക്കാണെന്നും മദൻ സാറിന്റെ വരികളും മനോഹരമെന്ന് ദുൽഖർ തന്റെ പോസ്റ്റിൽ പറയുന്നു. ജിയോ സ്റ്റുഡിയോസും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന 'ഹേ സിനാമിക"യിൽ നായികമാരായി കാജൽ അഗർവാളും അദിഥി റാവു ഹൈദരിയും എത്തുന്നു. ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. റൊമാന്റിക് ചിത്രമായ ഹേ സിനാമികയിൽ ഭാഗ്യരാജ് ,ഖുശ്ബു, സുഹാസിനി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ" ന് ശേഷം ദുൽഖർ വീണ്ടും തമിഴിൽ എത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
ദുൽഖർ തന്നെ അഭിനയിച്ച എ ബി സി ഡി യിലെ 'ജോണി മോനെ ജോണി " എന്ന ഗാനമാണ് ദുൽഖർ ആദ്യമായി മലയാളത്തിൽ ആലപിച്ച ഗാനം. ആലാപനത്തിന്റെ വ്യത്യസ്തത കൊണ്ട് ഹിറ്റായ ഗാനമായിരുന്നു അത്. ചാർലിയിൽ 'സുന്ദരി പെണ്ണെ ..." , പറവയിലെ 'ഓർമ്മകൾ ...",സി ഐ എ യിലെ 'വാനം തിളതിളക്കണ് " തുടങ്ങിയ ഗാനങ്ങളാണ് ദുൽഖർ പാടിയ ഹിറ്റ് ഗാനങ്ങൾ. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകനിലെ 'ഉണ്ണിമായ"എന്ന ഗാനമാണ് മലയാളത്തിൽ ദുൽഖർ അവസാനമായി പാടിയത്.അതേസമയം ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായി. കൊല്ലം, തിരുവനന്തപുരം, കാസർകോട്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ , ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ , ബിനു പപ്പു, അലൻ സിയർ , വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.