ലണ്ടൻ : ക്രിക്കറ്റിന്റെ ബൈബിളായി വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡൻ അൽമണാക്ക് 2010 മുതലുള്ള ഒരു ദശകത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കാെഹ്‌ലിയെ തിരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓരോ പതിറ്റാണ്ടിലെയും മികച്ച താരങ്ങളെ വിസ്ഡൻ തിരഞ്ഞെടുത്തത്.ഇതിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടു.
1970 കളുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടത് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സ് ആണ്. 1980കളിലെ മികച്ച താരമായി ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകൻ കപിൽ ദേവും 1990കളുടെ താരമായി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് 2000ത്തിലെ മികച്ച കളിക്കാരൻ.
2008 ആഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെ ഏകദിന അരങ്ങേറ്റം കുറിച്ച വിരാട് കാെഹ്‌ലി ഇതിനകം 254 മത്സരങ്ങളിൽ നിന്ന് 12,169 റൺസ് നേടിയിട്ടുണ്ട്.ഏകദിനത്തിൽ സച്ചിന്റെ പേരിലുണ്ടായിരുന്ന ഒട്ടുമിക്ക റെക്കാഡുകളും ഇപ്പോൾ വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന വിരാട് 2010നും 2020നുമിടയിൽ മാത്രം 11000ത്തിലധികം റൺസ് നേടി. 60ന് മുകളിലായിരുന്നു ഇക്കാലയളവിലെ ബാറ്റിംഗ് ശരാശരി. 40 സെഞ്ച്വറികളും സ്വന്തമാക്കി.
സ്റ്റോക്സ് ലീഡിംഗ് ക്രിക്കറ്റർ
തുടർച്ചയായ രണ്ടാം വർഷവും ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് ലീഡിംഗ് ക്രിക്കറ്റർ ഇൻ ദ വേൾഡ് പുരസ്കാരം നിലനിറുത്തി. 2019ൽ ഇംഗ്ളണ്ടിനെ ലോകകപ്പിലും ആഷസ് കിരീടത്തിലും മുത്തമിടീപ്പിച്ച സ്റ്റോക്സ് കഴിഞ്ഞ വർഷം ടെസ്റ്റിൽ നിന്ന് നേടിയത് 641 റൺസും 19 വിക്കറ്റുകളുമാണ്. തന്റെ പിതാവിന്റെ മരണത്തിന്റെ വേദനയെയും അതിജീവിച്ചാണ് സ്റ്റോക്സ് കളിക്കളത്തിൽ അതിഗംഭീരപ്രകടനം നടത്തിയതെന്ന് വിസ്ഡൻ വിശേഷിപ്പിച്ചു.
ആസ്ട്രേലിയൻ താരം ബേത്ത് മൂണിയാണ് ലീഡിംഗ് വിമൺ ക്രിക്കറ്റർ ഇൻ ദ വേൾഡ്.2020 വനിതാ ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് മൂണിയെ അവാർഡിന് അർഹയാക്കിയത്. ലോകകപ്പിലെ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ആയിരുന്നു മൂണി.
വെസ്റ്റ് ഇൻഡീസിന്റെ കെയ്റോൺ പൊള്ളാഡ് ലീഡിംഗ് ട്വന്റി-20 ക്രിക്കറ്റർ ഇൻ ദ വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു. കരീബിയൻ പ്രിമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് ഒപ്പവും ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബയ് ഇന്ത്യൻസിനാെപ്പവും കിരീടം നേടാനായതാണ് പൊള്ളാഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ വർഷം ഏല്ലാ ഫോർമാറ്റുകളിലുമായി 59 സിക്സുകളാണ് പൊള്ളാഡ് നേടിയത്.
കഴിഞ്ഞ വർഷത്തെ അഞ്ച് മികച്ച ക്രിക്കറ്റർമാരായി ഇംഗ്ളണ്ടിന്റെ സാക്ക് ക്രാവ്‌ലി, ഡോം സിബിലി,ഇംഗ്ളീഷ് കൗണ്ടി ക്ളബ് കെന്റിന്റെ 44കാരനായ ആൾറൗണ്ടർ ഡാരെൻ സ്റ്റീവൻസ്,പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ,വിൻഡീസിന്റെ ജാസൺ ഹോൾഡർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.