നോയിഡ: രണ്ട് മാസം മുമ്പ് നോയിഡയിലെ സെക്ടർ 9 ൽ നിന്നും കാണാതായ മുസ്ലീം യുവതി (23) ഹിന്ദു മതം സ്വീകരിച്ചു. താൻ മതം മാറിയതായും തന്റെ കാമുകനെ വിവാഹം കഴിച്ചതായും സെക്ടർ 20 ലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി അറിയിക്കുകയായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തനിക്ക് ഭർത്താവിനൊപ്പം കഴിയാനാണ് താത്പര്യമെന്നും അവർ അറിയിച്ചു.
യുവതിയുടെ കുടുംബം യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ട് പോയതാണെന്നും നിർബന്ധപൂർവ്വം വിവാഹം കഴിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. എന്നാൽ യുവതിക്ക് ഇഷ്ടമുളളയിടത്ത് ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഫെബ്രുവരി 22നാണ് യുവതിയെ കാണാതായത്. ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ജീവൻ അപകടത്തിലാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇരുവരും പ്രയാഗ്‌രാജിൽ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബവുമായി അനുരഞ്ജന ചർച്ചയ്ക്കായി പൊലീസ് യുവതിയെ വിളിച്ചെങ്കിലും അവർ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ 12 വർഷമായി താൻ വിവാഹം കഴിച്ച യുവാവിനെ അറിയാമെന്ന് യുവതി പറഞ്ഞു. പൊലീസിനോടും മജിസ്‌ട്രേറ്റിനു മുന്നിലും ഭർത്താവിനൊപ്പം കഴിയാനാണ് താത്പര്യമെന്നും കുടുംബാംഗങ്ങൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും യുവതി പറഞ്ഞതായി സെക്ടർ 20 എസ്.എച്ച്.ഒ പറഞ്ഞു.