കാപട്യം മറച്ച് സന്യാസി വേഷത്തിലെത്തിയ രാവണന്റെ വാക്കും ഭാവവും സംശയിക്കാതെ നല്ല സന്യാസിയും അതിഥിയുമല്ലേ മുന്നിൽ എന്ന ധാരണയിൽ വിനയത്തോടെ സീത സ്വവൃത്താന്തം പറഞ്ഞു: അല്ലയോ... മുനീന്ദ്ര... വിദേഹരാജാധിപനായ ജനകന്റെ സീമന്തപുത്രിയാണ് ഞാൻ. പേര് സീത. ശ്രീരാമന്റെ ധർമ്മപത്നിയുമാണ്. പന്ത്രണ്ട് വർഷത്തോളം അയോദ്ധ്യയിൽ സർവ്വസുഖങ്ങളുമായി കഴിഞ്ഞു. ദശരഥ മഹാരാജാവ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ സന്ദർഭത്തിൽ ദശരഥപത്നിയും എന്റെ ശ്വശ്രുവുമായ കൈകേയി മുമ്പ് രാജാവ് നൽകിയ രണ്ടു വരങ്ങൾ ആവശ്യപ്പെട്ടു. ധർമ്മപാശക്കുരുക്കിൽ പെട്ടുപോയ മഹാരാജാവിന് മുന്നിൽ മറ്റു പോംവഴികളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ശ്രീരാമനെ ദണ്ഡകാരണ്യത്തിലേക്ക് അയക്കുവാനും കൈകേയീ പുത്രനായ ഭരതനെ അഭിഷേകം ചെയ്യാനും തീരുമാനിക്കേണ്ടിവന്നു. അപ്പോൾ ശ്രീരാമന് ഇരുപത്തിയഞ്ച് വയസും എനിക്ക് പതിനെട്ട് വയസുമായിരുന്നു. സത്യവാനും സുന്ദരനും ധർമ്മിഷ്ഠനും മഹാപരാക്രമിയുമാണ് ശ്രീരാമചന്ദ്രൻ.
ദശരഥ മഹാരാജാവ് മഹാദ്യുതിമാനും കീർത്തിമാനും ആണെങ്കിലും കുറ്റബോധത്താൽ തളർന്നും പശ്ചാത്താപവിവശനുമായി രാമാഭിഷേകം നടത്തിയില്ല. ചുറ്റും നടന്നതൊന്നുമറിയാതെ അഭിഷേകസന്നദ്ധനായി താതസന്നിധിയിലെത്തിയപ്പോഴാണ് കൈകേയി മാതാവിൽ നിന്ന് കീഴ്മേൽ മറിഞ്ഞ കാര്യങ്ങളറിയുന്നത്.
''ഹേ കുമാരാ! പിതാവ് നിശ്ചയിച്ചകാര്യം ഞാൻ തന്നെ പറയാം. രാജ്യം ഭരതന് നൽകണം.നീ പതിനാല് വർഷം കാട്ടിൽ പാർക്കണം. അച്ഛന് സത്യഭംഗം വരാതിരിക്കാൻ നീ സന്നദ്ധനാകണം. രഘുവംശത്തിൽ പിറന്ന നീ സന്യസിക്കുകയും വേണം. കർണ്ണകഠോരമായ ഈ വാക്കുകൾ ശ്രീരാമനിൽ ഒരു ഭാവഭേദവും വരുത്തിയില്ല. പിതൃനിശ്ചയവും വാക്കുകളും പാലിക്കുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. സത്യം മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ദാനം നൽകുമെങ്കിലും ആരിൽ നിന്ന് ഒന്നും വാങ്ങില്ല. ഇളയമ്മയായ സുമിത്രാദേവിയുടെ പുത്രൻ ധർമ്മനിഷ്ഠയിൽ ശ്രീരാമസമനായ ലക്ഷ്മണനും ഭ്രാതൃശുശ്രൂഷയ്ക്കായി ഒപ്പമുണ്ട്. ഈ ദണ്ഡകാരണ്യത്തിൽ എന്റെ സംരക്ഷണത്തിന് ലക്ഷ്മണ സമേതനായ ശ്രീരാമചന്ദ്രനുണ്ട്. കൈകേയി മാതാവിന്റെ നിർദ്ദേശപ്രകാരം ദശരഥമഹാരാജിനെ സത്യപാലനാക്കാൻ ഞങ്ങൾ മൂന്നുപേർ ഈ കാനനത്തിൽ കഴിയുന്നു. ""
''അല്ലയോ മുനീന്ദ്ര! അങ്ങ് അല്പസമയം വിശ്രമിക്കുക. വനഭോജ്യങ്ങൾ സംഭരിച്ചുകൊണ്ട് ശ്രീരാമൻ അനുജനുമായി ഇപ്പോഴെത്തും. അല്ലയോ സന്യാസി ശ്രേഷ്ഠ... അങ്ങയുടെ ഗോത്രവും നാമവും എന്താണ്? ഈ കൊടുംകാട്ടിൽ ഒറ്റയ്ക്ക് സഞ്ചരിക്കുവാൻ കാരണം മറ്റെന്തെങ്കിലുമുണ്ടോ?""
സീതയുടെ സ്വാഭാവികമായ സംശയങ്ങളും ചോദ്യങ്ങളും കേട്ടുനിന്ന രാക്ഷസേന്ദ്രന്റെ മറുപടി അത്യുഗ്രമായിരുന്നു: സുന്ദരിയായ സീതേ... എന്റെ പേര് കേട്ടാൽ മൂന്നുലോകങ്ങളും വിറയ്ക്കും. ദേവന്മാരും അസുരന്മാരും നാഗങ്ങളുമടക്കം സകലജീവജാലങ്ങളും ത്രിലോക വിക്രമനും വിഖ്യാതനുമായ രാവണനെന്ന എന്റെ പേര് കേൾക്കുന്ന മാത്രയിൽ ഞെട്ടിപ്പോകും. രാക്ഷസരാജാവാണ് ഞാൻ.
സ്വർണവർണസ്വരൂപിണിയായ നീ അരുണവർണ വേഷമണിഞ്ഞു നിൽക്കുന്നു.കാമിനിയും മോഹിനിയുമായ നിന്നെ കണ്ടതുമുതൽ എന്റെ മറ്റു പത്നിമാരിൽ ആസക്തിയില്ലാതായിരിക്കുന്നു. അവരോട് നീരസവുമാണ്. വിജയം നേടുന്ന രാജ്യങ്ങളിൽ നിന്നെല്ലാം സുന്ദരിമാരെ കൊണ്ടുവരാറുണ്ട്. ആ സുന്ദരിമാരുടെ അധിനായികയായി നിന്നെ അവരോധിക്കാം. മഹാസാഗര മദ്ധ്യത്തിൽ ത്രികൂടാചലത്തിന്റെ മുകളിലാണ് എന്റെ സ്വന്തം ലങ്കാപുരി അവിടെയുള്ള ഉല്ലാസവാടികളിൽ നമുക്കൊരുമിച്ച് വിഹരിക്കാം. ഈ ദണ്ഡകാരണ്യവും കഷ്ടതരമായ ജീവിതവും മറക്കാം. സർവ്വലോകനാഥനായ എന്റെ പട്ടമഹിഷിയായി നിന്നെ ഞാൻ വാഴിക്കാം. സർവ്വാഭരണ വിഭൂഷിതകളായ അയ്യായിരം ദാസിമാർ സദാ നിന്നെ പരിചരിക്കാനുണ്ടാകും.
അഹങ്കാരം തുളുമ്പുന്ന രാവണ വചനങ്ങൾ അറപ്പോടും വെറുപ്പോടും ശ്രവിച്ച സീതാദേവി ഒട്ടു കൂസലില്ലാതെ പറഞ്ഞു: അല്ലയോ രാക്ഷസ രാജാവേ... ദേവേന്ദ്രസമനും മഹാസാഗരം പോലെ അക്ഷോഭ്യനുമാണ് എന്റെ കാന്തൻ. അദ്ദേഹത്തെ അനുഗമിക്കുന്ന ധർമ്മപത്നിയാണ് ഞാൻ. ലക്ഷണയുക്തനായ പുരുഷകേസരിയാണ് ശ്രീരാമൻ. ഏവർക്കും അഭയം നൽകുന്നവനും സത്യസന്ധനുമാണ് അദ്ദേഹം. വിശാലമായ മാറിടം. ഇരുണ്ടു നീണ്ട കൈകൾ. സിംഹമാണ് പരാക്രമത്തിൽ. അതീന്ദ്രിയനും അനശ്വരകീർത്തിമാനും രഘുവംശാധിപനുമായ ശ്രീരാമന്റെ സഹധർമ്മിണിയാണ് ഞാൻ. മനുഷ്യസിംഹപത്നിയായ എന്നെ കേവലം കുറുക്കനെപ്പോലെയുള്ള ഒരുവൻ ആഗ്രഹിക്കുന്നു. സൂര്യതേജസിനെ ആർക്ക് സ്പർശിക്കാനാകും? അനേകം സ്വർണവൃക്ഷങ്ങളെ നീ കണ്ടിട്ടുണ്ടാകും. പക്ഷേ ശ്രീരാമപത്നിയെ ആഗ്രഹിക്കുന്നത് കഷ്ടംതന്നെ. അത് അസാദ്ധ്യവുമാണ്. ഉഗ്രസിംഹത്തിന്റെ പല്ല് പറിക്കാനും കാളകൂട സർപ്പത്തിന്റെ പല്ലെടുക്കാനും മന്ദരപർവ്വതത്തെ അമ്മാനമാടാനും കൊതിക്കുന്നതു പോലെയാണ് നിന്റെ ആഗ്രഹം.ഒരിക്കലും നടക്കത്തവ.
കാളകൂട വിഷം കുടിച്ച് സ്വൈരമായിരിക്കുവാനാകുമോ അറ്റം കൂർത്ത സൂചികൾ കൊണ്ട് കണ്ണുകൾ തുടയ്ക്കാനാകുമോ? മൂർച്ചയേറിയ വാൾത്തല നക്കാനാകുമോ? അങ്ങനെയൊക്കെ വിചാരിക്കുന്നവൻ പടുവിഡ്ഢിയായിരിക്കും.
ഹേ രാവണ! നിന്റെ ആഗ്രഹം കരിങ്കല്ല് കഴുത്തിൽ കെട്ടിത്തൂക്കി സമുദ്രം നീന്തിക്കടക്കാമെന്ന് കരുതും പോലെ. കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെ വസ്ത്രത്തിൽ പൊതിഞ്ഞെടുക്കാൻ ശ്രമിക്കുംപോലെ. സൂര്യചന്ദ്രന്മാരെ ഇരുകൈകളിലുമെടുത്ത് ക്രീഡിക്കുവാൻ ചിന്തിക്കുംപോലെ. ശ്രീരാമധർമ്മപത്നിയെ അപഹരിക്കാൻ ആഗ്രഹിച്ചത് കഷ്ടകാലത്തായിരിക്കും. വജ്രമൂർച്ചയുള്ള ശൂലാഗ്രത്തിൽ നടക്കാൻ കഴിഞ്ഞേക്കും. കാളകൂട വിഷം വിരൽകൊണ്ട് തുടയ്ക്കാൻ സാധിച്ചേക്കും. അതിലും അസാദ്ധ്യമായതല്ലേ നീ ചിന്തിച്ചത്. ശ്രീരാമനും നീയും തമ്മിൽ എന്തു സാമ്യമാണ്? മഹാസാഗരവും കാട്ടരുവിയുംപോലെ. അമൃതും അരിക്കാടിയും പോലെ. സ്വർണക്കട്ടിയും ഈയക്കട്ടിയും. രാജാഹംസവും കഴുകനും. ഇവ തമ്മിലുള്ള വ്യത്യാസം ചിന്തിച്ചു നോക്കൂ. സായുധപാണിയായ ശ്രീരാമനുള്ളപ്പോൾ ഞാൻ അപഹരിക്കപ്പെട്ടാലും നിനക്ക് ഒരിക്കലും തൃപ്തി തോന്നില്ല ഈച്ചയ്ക്ക് നെയ്യ് ദഹിക്കാത്തപോലെ.
തൊട്ടുമുമ്പ് അതിഥി പൂജ ചെയ്ത സീത സൗമനസ്യത്തോടെ സുസ്മിതം പൊഴിച്ച ദേവി കോപം കൊണ്ട് തുടുത്ത് കൊടുങ്കാറ്റടിച്ച വാഴപോലെ വിറച്ചു. സീതയുടെ ഭാവമാറ്റം കണ്ട രാവണൻ തന്റെ കുലം ബലം പരാക്രമം എന്നിവ വിസ്തരിക്കാൻ ശ്രമിച്ചു. താൻ പതറിയിട്ടില്ലെന്ന് പ്രകടിപ്പിക്കാൻ.
(ഫോൺ: 9946108220)