മഡ്ഗാവ് ∙ ഏഷ്യൻ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പായ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയ എഫ്‍സി ഗോവ, ആദ്യ മത്സരത്തിൽ ഖത്തറിൽനിന്നുള്ള ശക്തരായ അൽ റയ്യാനെ ഗോൾരഹിത സമനിലയിൽ തളച്ച് ഒരു പോയിന്റുമായി പോയിന്റ് പട്ടികയിലും ഇടം നേടി.
എഫ്.സി ഗോവയുടെ തട്ടകത്തിൽ വച്ചാണ് കഴിഞ്ഞ രാത്രി ആദ്യ റൗണ്ട് മത്സരം നടന്നത്. 2020ലെ ഐഎസ്എൽ ലീഗ് ജേതാക്കൾ എന്ന നിലയിലാണ് എഫ്.സി ഗോവ ഏഷ്യയിലെ ഒന്നാംനിര ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഇറാൻ ക്ലബ് പെർസ്പോളിസ്, യുഎഇ ക്ലബ് അൽ വഹ്ദ എന്നിവരാണ് ഗോവ കളിക്കുന്ന ഇ ഗ്രൂപ്പിലെ മറ്റു ടീമുകൾ.
1998ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്ന ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് അൽ റയ്യാൻ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ മുൻ പരിശീലകനാണ് ബ്ലാങ്ക്.