വരുന്ന വാരാന്ത്യത്തിൽ തന്നെ നാട്ടിൽ പോകാൻ സിദ്ദു തീരുമാനിച്ചു. ലോംഗ് വീക്കെന്റാണ്. പതിവിലും കുറച്ചധികം സമയം കിട്ടും. തനിക്ക് എന്തൊക്കെ ചെയ്യാനാവും? എങ്ങനെ ഒറ്റയ്ക്ക് സത്യം അന്വേഷിച്ച് കണ്ടെത്താനാകും?
നാട്ടിലേക്കുള്ള യാത്രയിലുടനീളം സിദ്ദു താൻ എവിടെ നിന്നും തന്റെ സത്യാന്വേഷണം തുടങ്ങും എന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു. സുധിക്ക് മിക്ക സുഹൃത്തുക്കളേയും കിട്ടിയത് കോളേജ് വിദ്യാഭ്യാസത്തിനിടയിലാണ്. ഓഫീസിലും ചിലരുണ്ടെങ്കിലും അവരുമായി അത്രയ്ക്കും മാനസികമായൊരു അടുപ്പം സുധി സൂക്ഷിച്ചിരുന്നതായി തോന്നിയിട്ടേയില്ല. ഫ്രാൻസിയും വെങ്കിയും കിഷോറും ആയിട്ടുള്ള സൗഹൃദബന്ധത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അവരെയൊന്നും സംശയിക്കാൻ ഒരു കാരണവും കാണുന്നില്ല. ഇനി ചിലപ്പോൾ അടുത്തകാലത്ത് അവരുമായി എന്തെങ്കിലും വാക്കുതർക്കമോ...അഭിപ്രായവ്യത്യാസമോ?...അധികനാൾ ആരുമായും പിണങ്ങി ഇരിക്കാൻ കഴിവുള്ള ആളല്ല സുധി. പെൺസുഹൃത്തുക്കളും ധാരാളം. അവരുമായൊക്കെ നല്ല ഫ്രൺഷിപ്പിൽ തന്നെ...ഇതുവരേയ്ക്കും ആരേക്കുറിച്ചും ഒന്നും...ഒരു വാക്ക് പോലും മോശമായി പറഞ്ഞതായി ഓർത്തെടുക്കാനാവുന്നില്ല.
സുധിക്ക് ഡയറി എഴുതുന്ന വല്ല സ്വഭാവവും ഉണ്ടായിരുന്നോ?
കുട്ടിക്കാലത്ത് അങ്ങനെ എഴുതുന്നതൊന്നും കണ്ടിട്ടില്ല. ഇനി ടീനേജ് പ്രായത്തിൽ എന്തെങ്കിലും രഹസ്യമായി എഴുതി സൂക്ഷിച്ചിരുന്നോ എന്നറിയില്ല. താനറിയുന്ന സുധി വളരെ സന്തോഷവാനാണ്. മാത്രവുമല്ല, മറ്റുള്ളവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവനുമാണ്. ഇനി ഏതെങ്കിലും പ്രേമക്കുരുക്കുകളിൽ പെട്ട് മനസുടഞ്ഞ്...അതൊരു ആക്സിഡന്റ് അല്ല എന്നല്ലേ അജ്ഞാതന്റെ ആരോപണം?... ആത്മഹത്യ ആയിക്കൂടെന്നുണ്ടോ? പക്ഷേ അതിനും മാത്രം മനോവിഷമം ഉണ്ടായിരുന്നെങ്കിൽ തന്നോട് ഒരു വട്ടമെങ്കിലും അതേക്കുറിച്ച് പറയുമായിരുന്നില്ലേ? സുധി പറഞ്ഞ സ്പെഷ്യൽ ന്യൂസ് എന്നത് ഇനി ചിലപ്പോൾ അവന്റെ പ്രണയബന്ധത്തേക്കുറിച്ചായിരിക്കുമോ? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ സുധിയുടെ അടുത്ത സുഹൃത്തുക്കൾക്കെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും ഒരു വിവരം അറിയാതിരിക്കുമോ? കുറഞ്ഞപക്ഷം ഒരാളോടെങ്കിലും പറയാതിരിക്കുമോ? സിദ്ദു തന്റെ കാര്യം ആലോചിച്ചു. ഷർമിയെ കുറിച്ച് താൻ എത്ര പേരോട് പറഞ്ഞിട്ടുണ്ട്? ഒരാളോടു മാത്രം സുധിയോട്! അതു പോലെ ഒരാളോട് മാത്രം പറഞ്ഞിട്ടുള്ള ഒരു ബന്ധമാവുമോ സുധിയുടേതും?
ഗേറ്റ് തുറന്ന് വീട്ടിലേക്ക് നടക്കുമ്പോൾ ശ്രദ്ധിച്ചു, വീടിന്റെ മുൻവാതിൽ പൂട്ടിയിരിക്കുന്നു. അച്ഛൻ പുറത്തെവിടെയോ പോയിട്ടുണ്ടാവും. സിദ്ദു കുറച്ചു നേരം വീടിനു ചുറ്റും നടന്നു. വശത്തായി ഒരു ചെറിയ പൂന്തോട്ടമുണ്ട്. ചെടികൾ പൂവിട്ടു തുടങ്ങിയിരിക്കുന്നു. വീടിനും പരിസരത്തിനും ഒരു പുതുജീവൻ വന്നതു പോലുണ്ട്.
തിരികെ മുൻഭാഗത്ത് വന്നപ്പോഴേക്കും അച്ഛൻ തിരിച്ചു വന്നിരുന്നു. വീടിന്റെ ഇലക്ട്രിസിറ്റി ബില്ല് അടക്കാൻ പോയതായിരുന്നു. മുമ്പ് എല്ലാം സുധി തന്നെ ആയിരുന്നു ചെയ്തിരുന്നത്.
''അച്ഛൻ എന്നോടു പറഞ്ഞാൽ പോരായിരുന്നോ?... ഞാൻ ഈ ആഴ്ച വരുമെന്ന് പറഞ്ഞിരുന്നതല്ലേ?""
''എന്തിനാ...വെറുതെ എത്ര നേരമാ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നത്?""
അതും ശരിയാണ്.
സിദ്ദു അച്ഛനോടൊപ്പം വീട്ടിനകത്തേക്ക് നടന്നു. സുധിയുടെ മുറി. സിദ്ദു കിടക്കയിൽ ഇരുന്ന് ചുറ്റിലും നോക്കി. മുറിയും വസ്തുക്കളുമൊക്കെ വൃത്തിയായി തന്നെ സൂക്ഷിച്ചിരിക്കുന്നു ഇപ്പോഴും. സിദ്ദു എഴുന്നേറ്റ് മുറിയിൽ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജനാല തുറന്നിട്ടു. കുറച്ച് കാറ്റ് അകത്തേക്ക് കയറി ഇറങ്ങട്ടെ. മേശയുടെ വലിപ്പ് തുറന്നു നോക്കി. ചില കടലാസുകൾ, ചില കുറിപ്പുകൾ. പ്രതീക്ഷിക്കാത്ത ചിലത് അവിടെ കണ്ടു. കവിതകൾ!
സുധി എപ്പോഴാണ് കവിതകൾ എഴുതാൻ തുടങ്ങിയത്? വായനയോടു താത്പര്യം ഉണ്ടായിരുന്നു എന്നതറിയാമായിരുന്നു. പക്ഷേ എഴുത്ത്?
കവിതകൾ ഒരിക്കലും തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ഞരമ്പ് പ്രവർത്തനക്ഷമമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമാഗാനം വരെ പോകാം. അതിനപ്പുറം വയ്യ... സിദ്ദു മേശവലിപ്പിനുള്ളിലെ കടലാസുകളെല്ലാം പരിശോധിക്കാൻ തീരുമാനിച്ചു.
കുറച്ച് നേരം കഴിഞ്ഞ് എല്ലാം പഴയതു പോലെ അടുക്കി അകത്തേക്ക് തന്നെ വച്ചു. പ്രത്യേകത തോന്നുന്ന ഒന്നും തന്നെ കണ്ടെത്താനായില്ല. ഒരു ഫോട്ടോ...അല്ലെങ്കിൽ ഒരു കത്ത്...ഒരു ഗ്രീറ്റിംഗ് കാർഡ്...അങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ചു. പരതുമ്പോൾ ഒരു ചെറിയ സൂചന തരുന്ന എന്തെങ്കിലും ഒന്ന് കിട്ടുമെന്ന വിദൂരപ്രതീക്ഷ ഉണ്ടായിരുന്നു. നിരാശ നിറച്ച വരികളോടെ ഒരു സൂയിസൈഡ് നോട്ട്...സാധാരണ ആത്മഹത്യ ചെയ്യാൻ പോകുന്നവർ എന്തെങ്കിലും എവിടെയെങ്കിലും എഴുതി വയ്ക്കുമെന്നല്ലേ? കുറഞ്ഞ പക്ഷം ആരോടെങ്കിലും അതേക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞിരിക്കുമെന്നല്ലേ? സുധിയുടെ മരണം ആത്മഹത്യ ആവാനുള്ള സാധ്യതയേ ഇല്ല. ജീവിതത്തെ കുറിച്ച് നല്ലത് മാത്രമേ അവനു പറയാനുണ്ടായിരുന്നുള്ളൂ. പണ്ടെവിടെയോ വായിച്ചതു പോലെ, ഓരോന്നായി ഒഴിവാക്കി കഴിയുമ്പോൾ അവശേഷിക്കുന്നതാവും സത്യം. അത് തന്നെയാണ് തനിക്കും ചെയ്യാനുള്ളത്. മനസിൽ എഴുതിവച്ചിരുന്ന പട്ടികയിൽ നിന്നും ആത്മഹത്യ എന്ന വാക്ക് വെട്ടിക്കളയണം. സിദ്ദൂന് അച്ഛനോട് സുധിയുടെ സുഹൃത്തുക്കളെ കുറിച്ച് ചോദിക്കണമെന്നു തോന്നി. അവരിരുവരും ഉച്ചഭക്ഷണം കഴിച്ച ശേഷം ഇരിക്കുമ്പോൾ സിദ്ദു ചോദിച്ചു.
''അച്ഛാ...സുധീടെ ഫ്രണ്ട്സ് ഇവിടെ ഇടയ്ക്കിടെ വരാറുണ്ടോ?""
''അങ്ങനെ...ഇടയ്ക്ക്...എന്നൊന്നും പറയാൻ പറ്റില്ല...ചിലരൊക്കെ വന്നിട്ടുണ്ട്...""
''വന്നു തങ്ങിയിട്ടുണ്ടോ?""
''ഏയ്...അങ്ങനെയൊന്നുമില്ല...അവന് അങ്ങനെ ദൂരെയുള്ള ഫ്രണ്ട്സൊന്നുമില്ല...""
''സുധി...ട്രിപ്പിന് പോകുന്നതിനു മുമ്പ്... ആ ദിവസമോ മറ്റോ ആരെങ്കിലും ഇവിടെ വന്നിരുന്നോ?""
അച്ഛൻ എന്തോ ഓർത്തത് പോലെ ഇരുന്നു.
''വന്നിരുന്നു...ഒരാള് വന്നിരുന്നു...""
''മുമ്പ് വന്നിട്ടുള്ള ആരെങ്കിലും ആയിരുന്നോ അത്?""
''അല്ല...ഞാൻ അയാളെ ആദ്യമായിട്ടാ കാണുന്നെ...ഫ്രണ്ടെന്നാ പറഞ്ഞത്...ഞാൻ പേര് ചോദിക്കാനും വിട്ടു പോയി..."
''അയാളെന്തിനാ വന്നതെന്നു പറഞ്ഞോ?""
''ഇല്ല...സുധിയുണ്ടോ എന്നു ചോദിച്ചു...അവൻ പുറത്ത് പോയിരിക്കുകയായിരുന്നു...ഇല്ലാന്ന് പറഞ്ഞു...അയാള് പോയി...""
''അയാളുടെ കൂടെ വേറെ ആരെങ്കിലുമുണ്ടായിരുന്നോ...അച്ഛൻ കണ്ടിരുന്നോ?""
''ഇല്ല...വേറെ ആരും ഉണ്ടായിരുന്നില്ല...ഞാൻ കണ്ടില്ല...""
''പിന്നീട്...എപ്പോഴെങ്കിലും അയാള് വന്നിരുന്നോ?""
''ഇല്ലാ...എന്താ സിദ്ദൂ...എന്താ കാര്യം?""
''ഏയ്...ഒന്നുമില്ല അച്ഛാ...""
സിദ്ദു എഴുന്നേറ്റ് അകത്തേക്ക് പോയി. നടക്കുമ്പോൾ അവൻ ആലോചിച്ചത് ആ അജ്ഞാതനായ സന്ദർശകനെ കുറിച്ചു മാത്രമായിരുന്നു. ഒരു തവണ മാത്രം വന്ന ഒരാൾ. എന്തിനായിരിക്കും അയാൾ വന്നത്? ഇനി ഒരു പക്ഷേ അയാൾ ആയിരിക്കുമോ തനിക്ക് ഇമെയിൽ അയച്ചത്?...
അയാളെ കാണാൻ എങ്ങനെ ഇരിക്കും?
താടിയും മീശയും ഉണ്ടായിരുന്നോ?
ധരിച്ചിരുന്നത് പാന്റ് ആയിരുന്നോ മുണ്ടായിരുന്നോ?
നല്ല ഉയരമുള്ള ആളാണോ?
നിറം?
എല്ലാം അറിയണമെന്നുണ്ട് പക്ഷേ അച്ഛനോട് ചോദിക്കാൻ വയ്യ. വെറുതെ തന്റെ സംശയങ്ങൾ പങ്കുവെച്ച് അച്ഛന് ആധിയുണ്ടാക്കാൻ പാടില്ല. സിദ്ദു ഉറങ്ങാനെന്ന മട്ടിൽ അകത്തേക്ക് പോയി.അജ്ഞാതനെ കുറിച്ച് ആലോചിക്കും തോറും അതൊരു സ്വൈര്യക്കേടായി ഉള്ളിൽ വളരുകയാണെന്നു സിദ്ദൂന് തോന്നി. അത് വളർന്ന് ഉയർന്ന് ചെടിയായി മരമായി തന്നെ മൂടുമെന്ന ഭയമായി. എല്ലാം സംശയമാണിപ്പോൾ. സംശയങ്ങൾ സത്യാന്വേഷണത്തിൽ സഹജം എന്നു കരുതുകയേ നിവൃത്തിയുള്ളൂ. അതേക്കുറിച്ച് കൂടുതൽ ആലോചിച്ചു ആധി വളർത്തുന്നത് അന്വേഷണത്തെ തന്നെ ബാധിക്കും. വഴികളാണ് പ്രധാനം. അജ്ഞാതനെ അന്വേഷിച്ചു പോകണമോ വേണ്ടയോ? പക്ഷേ എവിടെ തുടങ്ങണമെന്നറിയില്ല. ചിലപ്പോൾ അയാൾ എന്തെങ്കിലും ഓഫീസ് കാര്യത്തിനോ മറ്റോ വന്നതാകുമോ? തന്റെ അന്വേഷണം വഴി തെറ്റി പോകുന്നുവോ? ഷർമി ഇപ്പോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ...
മുമ്പ് തീരുമാനിച്ച പ്രകാരം വേണം ഇനിയുള്ള നീക്കങ്ങൾ. സമയം ഒരു പ്രശ്നമാണ്. വാരാന്ത്യങ്ങളിലോ അവധിക്കോ മറ്റോ വരുമ്പോൾ മാത്രമേ അന്വേഷണത്തിനായി സമയം നീക്കി വയ്ക്കാൻ കഴിയൂ. ആദ്യം വേണ്ടത് സുധി അവസാനമായി സന്ദർശിച്ച സ്ഥലത്ത് പോവുക എന്നതാണ്. അവിടെ, അവൻ അവസാനമായി ചെന്നു നിന്നിടം നേരിട്ട് കാണണം. മനസിൽ കാണുന്ന പോലെ ആവില്ല ചിലപ്പോൾ അവിടെ ചെന്ന് എല്ലാം നേരിട്ട് കാണുമ്പോൾ. ആരേയാണ് അങ്ങോട്ട് പോകാൻ വിളിക്കുക? തനിക്ക് ആ സ്ഥലത്തെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. കൃത്യമായി എവിടെയാണ് അവൻ നിന്നത് എന്നറിയുന്നത് അവന്റെ സുഹൃത്തുക്കൾക്ക് മാത്രമാണ്. അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് അവർ പറഞ്ഞ അറിവേ പോലീസുകാർക്കും നാട്ടുകാർക്കും ഉള്ളൂ. ആരേയാണ് വിളിക്കുക? സിദ്ദു ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട, സുധിയുടെ സുഹൃത്തുക്കളുടെ പേരുകൾ മനസിൽ വരിവരിയായി എഴുതി നോക്കി.
ഫ്രാൻസിസ്, കിഷോർ,വെങ്കിടേഷ്, സിത്താര, ഫിറോസ്, ജിൻസി ഇവരിൽ തനിക്ക് അറിയാവുന്നത് ഫ്രാൻസിയേയും വെങ്കിയേയും കിഷോറിനേയുമാണ്...സുധിയുടെ കൂടെ അവസാനനിമിഷം ഉണ്ടായിരുന്നത് ഫ്രാൻസിയും കിഷോറുമായിരുന്നില്ലേ? അവരിൽ ആരേയെങ്കിലും വേണം ആദ്യം കോണ്ടാക്ട് ചെയ്യേണ്ടത്. ഫ്രാൻസിയിൽ നിന്നും തുടങ്ങാം. എങ്ങനെ കോണ്ടാക്ട് ചെയ്യാം? സിദ്ദു നേരെ സുധിയുടെ മുറിയിൽ പോയി. ഫോൺ നമ്പർ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടാവും. മേശപ്പുറത്ത് തന്നെ ഫോൺ ബുക്ക് ഉണ്ടായിരുന്നു. അതിൽ വേറേയും ഒരുപാട് പേരുകൾ കണ്ടു. സുധി എപ്പോഴൊക്കെയോ പറഞ്ഞ ചില പേരുകൾ. പലതും എവിടെയോ കേട്ടു മറന്ന പോലെ തോന്നുന്നു. ഒരു കടലാസെടുത്ത് ഫ്രാൻസിസ്ന്റേയും, വെങ്കിടേഷിന്റേയും, കിഷോറിന്റേയും നമ്പറുകൾ സിദ്ദു എഴുതിയെടുത്തു. എഴുതിയത് നഷ്ടപ്പെടുമോ? സിദ്ദു തന്റെ സെൽ ഫോണെടുത്ത് കടലാസിന്റെ ഫോട്ടോ എടുത്തു.
സിദ്ദു ഫ്രാൻസിസ്നെ ആണ് ആദ്യം വിളിച്ചത്. ഫ്രാൻസിസ്ന്റെ അച്ഛൻ പറഞ്ഞ് അറിയാൻ കഴിഞ്ഞു, ഫ്രാൻസി ബാംഗ്ലൂർ വരെ പോയിരിക്കുന്നു. എന്തോ ഓഫീസ് ആവശ്യത്തിനാണ്. അടുത്തത് കിഷോറിനെ വിളിക്കാൻ ശ്രമിച്ചു. തിരക്കിലായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് വരാമെന്നു പറഞ്ഞു വേഗം വച്ചു. കിഷോറിനെ കുറിച്ച് സുധി ധാരാളം പറഞ്ഞത് ഓർത്തു. പലപ്പോഴും പല യാത്രകളിലും കൂടെ പോകുന്ന സുഹൃത്ത്. പലതവണ വാട്സപ്പിൽ ഫോട്ടോ അയച്ചു തന്നിട്ടുണ്ട്. കിഷോർ തന്നെയാണ് തനിക്ക് വഴികാട്ടിയാകുവാൻ ഏറ്റവും അനുയോജ്യൻ. ഒരു പക്ഷേ കിഷോറിനോട് തന്റെ സംശയങ്ങൾ പറഞ്ഞാലോ? തനിക്ക് കിട്ടിയ അനോണിമസായ ആ ഇമെയിലിനെ കുറിച്ച് കിഷോറിനോട് ചോദിച്ചാലോ?
ഒരു നിമിഷം പുറപ്പെടും മുൻപ് ഷർമി പറഞ്ഞത് സിദ്ദു ഓർത്തു.
''ഒരിക്കലും ഒരു കാരണവശാലും ആരോടും ഇമെയിൽ വന്ന കാര്യം പറയരുത്...""
(തുടരും)