കണ്ണ്, മുടി, ചർമ്മം തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തിനും സുന്ദരികളുടെ മനസിൽ പ്രഥമ സ്ഥാനം തന്നെയാണ്. കണ്ണുകളുടെ തിളക്കം വർദ്ധിപ്പിക്കാനും മുടിയിഴകൾക്ക് ഭംഗി കൂട്ടാനും ചർമ്മത്തിലെ ചുളിവ് മാറ്റാനുമൊക്കെ എത്ര വേണമെങ്കിലും പൈസ ചെലവാക്കാനും മടിയില്ല. എന്നാൽ ഇതിനെല്ലാം പ്രകൃതിയിൽ തന്നെ പ്രതിവിധികളുള്ള കാര്യം ആരും തിരിച്ചറിയുന്നില്ല. പൈസച്ചെലവില്ലാതെ, പാർശ്വഫലങ്ങളില്ലാതെ സൗന്ദര്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
കണ്ണിന്റെ കാന്തിക്ക്
തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകൾ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. കണ്ണിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കൺമഷികൊണ്ട് കണ്ണെഴുതിയിരുന്നു. പൂവാങ്കുറുന്നില നീരിൽ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കും. എന്നിട്ട് പ്രത്യേകമായി കാച്ചിയ നെയ്യിൽ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കും. കലത്തിന്റെ അടിയിൽ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കർപ്പൂരമോ മറ്റു വാസനദ്രവ്യങ്ങളോ ചേർത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്ക് പകരം കുഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കൺപോളയ്ക്കകത്ത് വേണം മഷി എഴുതാൻ. ദിവസവും കണ്ണെഴുതിയാൽ കണ്ണിൽ ചൊറിച്ചിൽ, പഴുപ്പ് ബാധ, ചുട്ട് നീറ്റൽ, പീള അടിയൽ തുടങ്ങിയ പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാം. കൺപീലികളുടെ വളർച്ചയ്ക്കും കണ്ണിന്റെ നിറത്തിനും സൗവീരം മഷികൊണ്ട് കണ്ണെഴുതുന്നത് ശ്രേഷ്ഠമാണ്.
കണ്ണ് കഴുകാൻ ത്രിഫലയിട്ട വെള്ളം
* കണ്ണിൽ പൊടിയും മറ്റു മാലിന്യങ്ങളും വീണ് എപ്പോഴും അസുഖങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കണ്ണിന്റെ രക്ഷയ്ക്ക് ത്രിഫലയിട്ട് തിളപ്പിച്ച വെള്ളം മൺപാത്രത്തിലാക്കി ആറ്റിയശേഷം കണ്ണിലൊഴിക്കുന്നത് ഗുണം ചെയ്യും. കാഴ്ചശക്തി വർദ്ധിക്കാനും ഇത് നല്ലതാണ്. ത്രിഫല കഷായം, നെയ്യ് തേൻ എന്നിവ കഴിക്കുന്നതു കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കും. ഇളനീർകുഴമ്പ്, കർപ്പൂരാദിവർത്തി എന്നിവ ഒഴിക്കുന്നത് നല്ലതാണ്. ത്രിഫലയിട്ട് കാച്ചിയ എണ്ണ ഉച്ചിയിൽ തേച്ച് കുളിക്കുന്നത് കണ്ണിന്റെ ഓജസ് വീണ്ടെടുക്കാൻ ഉപകരിക്കും. കണ്ണിലുണ്ടാകുന്ന ചില രോഗങ്ങൾക്ക് മുലപ്പാലും സിദ്ധൗഷധമാണ്.
* കാൽപാദങ്ങളിൽ പ്രയോഗിക്കുന്ന ചില ധാര, ലേപനം എന്നിവ കണ്ണിന് കുളിർമ്മ നൽകുന്നതും കാഴ്ചശക്തി കൂട്ടുന്നതുമാണ്. കണ്ണുമായി ബന്ധിപ്പിക്കുന്ന രണ്ട് സിരകൾ പാദങ്ങളിലെത്തുന്നുണ്ട്. കാലിൽ എണ്ണ തേയ്ക്കുന്നതും കാൽപ്പാദം തണുത്തവെള്ളത്തിൽ കഴുകുന്നതും നല്ലതാണ്. കൺതടങ്ങളിലെ കറുത്തനിറം കണ്ണിന്റെ അഴകിന് മങ്ങലേൽപ്പിക്കും. കൂടുതൽ ഉറക്കമൊഴിക്കുമ്പോഴും മനഃക്ളേശം കൂടുന്ന സമയത്തും ഇതുണ്ടാകാം.
* പുളിയില്ലാത്ത മോരിലോ തൈരിലോ അതിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന തെളി വെള്ളത്തിലോ ത്രിഫല അരച്ച് കൺതടങ്ങളിൽ പുരട്ടിയാൽ കറുപ്പ് നിറം മാറും.
കണ്ണിന് വേണം വിശ്രമം
കൺപോളകളുടെ ബലത്തിനും കൃഷ്ണമണിക്കും ദൃഢത കിട്ടുന്നതിന് കണ്ണിന് വ്യായാമം ആവശ്യമാണ്. അതുപോലെ തന്നെ വിശ്രമവും.
കൃഷ്ണമണി മുകളിലേക്കും താഴേക്കും വൃത്താകൃതിയിലും ചലിപ്പിക്കുന്നത് കൃഷ്ണമണികൾക്ക് ഉറപ്പ് നൽകും. ശ്രമകരമായ ജോലിക്കിടയിൽ ഇടയ്ക്കിടെ കണ്ണുകൾക്ക് അല്പം വിശ്രമം നൽകുകയും വേണം. കൈകൊണ്ട് കണ്ണ് അമർത്തി തിരുമ്മുന്നത് നന്നല്ല. കണ്ണിലുണ്ടാകുന്ന ചെറിയ തട്ടലും മുട്ടലും കാഴ്ചശക്തിയെ കാലക്രമേണ ബാധിക്കുമെന്ന ഓർമ്മയും വേണം. മങ്ങിയവെളിച്ചത്തിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്നുമുള്ള വായന കണ്ണിന് ശ്രമകരമായതിനാൽ കഴിവതും ഒഴിവാക്കണം. ജാം, കേക്ക്, പഞ്ചസാര തുടങ്ങിയവ അമിതമായി കഴിക്കുന്നതിന്റെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. വാഴക്കൂമ്പും കാബേജും വെണ്ണയുമൊക്കെ കണ്ണിന്റെ ആകർഷകത്വം വർദ്ധിപ്പിക്കും. ഓറഞ്ചും ആപ്പിളും മുന്തിരിയും കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യത്തിനുള്ള ഉറക്കവും അത്യാവശ്യമാണ്.
ത്വക്കിന്റെ മാർദ്ദവത്തിന്
ചർമ്മത്തിന്റെ തിളക്കത്തിന് കുളി വളരെ പ്രധാനമാണ്. എണ്ണതേച്ചുള്ള കുളി ത്വക്കിലുണ്ടാക്കുന്ന പലരോഗങ്ങളും തടയാൻ സഹായിക്കും. ശരീരത്തിലും നെറുകയിലും ചെവിയിലും കാൽപ്പാദങ്ങളിലുമെല്ലാം എണ്ണ തേച്ചുള്ള കുളിയാണ് ശാസ്ത്രം പറയുന്നത്. കടുകെണ്ണയോ ഗന്ധതൈലമോ പുഷ്പാദികളെ കൊണ്ട് വാസന പിടിപ്പിച്ച എണ്ണയോ തൈലമോ എന്തായാലും ശരീരത്തിന് ഗുണം ചെയ്യും. എണ്ണ തേയ്ക്കുന്നത് ത്വക്കിന് മാർദ്ദവം നൽകും. കൂടാതെ സുഖനിദ്രയും ദേഹപുഷ്ടിയും ഉണ്ടാകും.
ഓരോ സ്ഥാനത്തും എണ്ണതേയ്ക്കുമ്പോഴുള്ള ഗുണങ്ങൾ അറിഞ്ഞോളൂ
* നെറുകയിൽ എണ്ണ തേച്ചാൽ ചെവിക്ക് തണുപ്പ്കിട്ടും.
* ചെവിയിൽ എണ്ണതേച്ചാൽ കാലുകൾക്ക് തണുപ്പ് കിട്ടും.
* കൺപോളകളിൽ എണ്ണ തേച്ചാൽ ദന്തരോഗങ്ങളെ ശമിപ്പിക്കും.
ശരീരത്തിലെ മെഴുക്ക് കളയാൻ വാകത്തൊലി പൊടിച്ചതോ പയറുപൊടിയോ തേച്ച് കുളിക്കാം. ത്വക്കിലെ മെഴുക്കുകൾ കളയാൻ ചവർപ്പ് രസമുള്ള ഔഷധങ്ങൾക്ക് കൂടുതലായി കഴിയും. പാച്ചോറ്റിത്തൊലിപ്പൊടി ശുദ്ധജലം ചേർത്തരച്ച് വെയിലത്തുണക്കി പൊടിച്ചുണ്ടാക്കുന്ന മിനുസമുള്ള പൊടി ത്വക്കിന് മിനുമിനുപ്പും നിറവും നൽകും. ഇത് കഴുകി കളയാൻ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
ഉഴുന്ന്, കടല എന്നിവയുടെ പൊടിയും ഇഞ്ചയും മെഴുക്ക് കളയാൻ ഉപയോഗിക്കാം. ചർമ്മത്തിന്റെ പ്രത്യേകത മനസിലാക്കി അതിന് ചേരുന്ന ലേപനങ്ങൾ പുരട്ടുകയാണ് വേണ്ടത്. വരണ്ട ചർമ്മമാണെങ്കിൽ മെഴുക്ക് കളയാൻ ഉപയോഗിക്കുന്ന ഇനങ്ങൾ പാലും വെണ്ണയും ചേർത്തും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ചെറുനാരങ്ങാനീരോ വെള്ളരിക്കാനീരോ ചേർത്തും പുരട്ടണം.
ആരും കൊതിക്കുന്ന മുഖകാന്തിക്ക്
മുഖത്തെ സ്വാഭാവികമായ നിറം നിലനിറുത്തുന്നതിനും കൂടുതൽ തിളക്കത്തിനും മുഖലേപനങ്ങൾ ധാരാളമുണ്ട്. മഞ്ഞൾ, രക്തചന്ദനം, മഞ്ചട്ടി, ഞാവൽപ്പൂവ്, പാച്ചോറ്റിത്തൊലി, വയമ്പ് തുടങ്ങിയവ ലേപനങ്ങളായി ഉപയോഗിക്കാം. അലർജികൊണ്ട് ഉണ്ടാകുന്ന ത്വക് രോഗങ്ങൾ കറുത്തപാടുകൾ, നിറഭേദങ്ങൾ എന്നിവയ്ക്കും ഈ ലേപനങ്ങൾ പ്രയോജനം ചെയ്യും. പണ്ട് സ്ത്രീകൾ കുളിക്കുമ്പോൾ മുഖസൗന്ദര്യത്തിനായി പച്ചമഞ്ഞൾ, ആവണക്കെണ്ണക്കുരു എന്നിവ ചതച്ച് ലേപനമാക്കി മുഖത്ത് പുരട്ടിയിരുന്നു. മുഖക്കുരു, കാക്കപ്പുള്ളി, കരിമുഖം എന്നിവയ്ക്ക് തണുത്ത പാലുകൊണ്ട് മുഖം കഴുകുന്നതാണ് നല്ലത്. ചെറുചൂടുള്ള പാൽകൊണ്ട് മുഖം കഴുകിയാൽ ത്വക്കിന് സ്നിഗദ്ധത കിട്ടും. ദേഹത്ത് പുരട്ടേണ്ട സുഗന്ധലേപനങ്ങൾ ഓരോ ഋതുവിലും വ്യത്യസ്തമാണ്. തണുപ്പ്കാലത്ത് കുങ്കുമവും ചന്ദനവും കാരികിലും അരച്ചത് തേക്കാം. വർഷകാലത്ത് കുങ്കുമത്തോടും കസ്തൂരിയോടും കൂടിയ ചന്ദനവും. ചൂടുകാലത്ത് ചന്ദനവും കർപ്പൂരവും ഇരുവേലിയും ചേർത്ത് ഉപയോഗിക്കാം. കുളിക്കാത്ത സമയങ്ങളിൽ ദേഹലേപനം പാടില്ല. മുഖത്തെ സ്വേദദ്വാരങ്ങൾ അടഞ്ഞുപോകാതിരിക്കാൻ ദിവസവും തണുത്തവെള്ളത്തിൽ മൂന്നുനേരം മുഖം കഴുകണം. മുഖത്തെ രക്തസഞ്ചാരത്തിന് ഇത് നല്ലതാണ്.
മുടി അഴകിന് എണ്ണ വേണം
ആരോഗ്യമുള്ള ശരീരത്തിൽ അഴകും ആരോഗ്യവും ഉള്ള മുടിയുണ്ടാകും. മുടിയുടെ വളർച്ചയ്ക്ക് പലതരം എണ്ണകൾ ലഭ്യമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയനുസരിച്ച് യോജിച്ച എണ്ണ പുരട്ടുകയാണ് വേണ്ടത്. കൈതോന്നിയും പഴയനെല്ലിക്കയും മുടിയുടെ വളർച്ചയ്ക്ക് ഗുണപ്രദമാണ്. ഒരു കൈക്കുമ്പിൾ നിറയെ നെല്ലിക്കാത്തോട് എടുത്ത് വാർത്ത കഞ്ഞിവെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. പിറ്റേന്ന് രാവിലെ എടുത്ത് തിരുമ്മിപിഴിഞ്ഞ് ചണ്ടി കളഞ്ഞാൽ മുടിയുടെ മെഴുക്ക് കളയാൻ മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും ഉള്ളുകിട്ടാനും ഉപയോഗിക്കാം. ഉലുവായും ഇതുപോലെ ഉപയോഗിക്കാം. വിവിധതരം താളികളും തലമുടിയുടെ വളർച്ചയ്ക്ക് പുരട്ടാം. തലമുടിയിൽ മുട്ടയുടെ വെള്ളക്കരു തേച്ച് അല്പസമയത്തിന് ശേഷം കഴുകി കളയുന്നതും തേയില വെള്ളത്തിൽ തല കഴുകുന്നതും മുടിക്ക് തിളക്കം കൂട്ടും.
അകാലനരയ്ക്ക്
മാനസിക സമ്മർദ്ദം, പാരമ്പര്യം തുടങ്ങി പലകാരണങ്ങൾ കൊണ്ടും അകാലനരയുണ്ടാകാം. ഇതിൽ പാരമ്പര്യം കൊണ്ടുണ്ടാകുന്ന നരയ്ക്കൊഴിച്ച് മറ്റുള്ളവയ്ക്ക് പ്രതിവിധിയുണ്ട്.
* ഇരട്ടിമധുരം എരുമപ്പാലിൽ അരച്ച് തേയ്ക്കുക.
* കയ്യോന്നിയിൽ ത്രിഫലചൂർണം ചേർത്ത് പുരട്ടുക.
* കരിമ്പു നീരിൽ ഒരുമാസം സൂക്ഷിച്ചലോഹഭസ്മം തേയ്ക്കുക.
മുടിക്ക് നല്ലകറുപ്പ് നിറം കിട്ടാൻ
*ചെമ്പരത്തിയുടെ പൂവ് താളിയായി ഉപയോഗിച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.
*കുറുന്തോട്ടി, വെള്ളില എന്നിവ താളിയായി ഉപയോഗിക്കുന്നതും മുടിക്ക് നിറം കിട്ടാൻ നല്ലതാണ്. മാസത്തിലൊരിക്കൽ മുടിയിൽ മൈലാഞ്ചി തേയ്ക്കണം.
*ഒലിവെണ്ണ ചെറുചൂടോടെ തേച്ച് പിടിച്ചിപ്പശേഷം കുറച്ചുകഴിഞ്ഞ് കഴുകികളയണം.
*ചെമ്പിച്ച മുടിയുള്ളവർ മൈലാഞ്ചിയിട്ട എണ്ണ കാച്ചി പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണ പതിവായി തലയിൽ പുരട്ടിയാൽ മുടി നന്നായി വളരുകയും ചെയ്യും.
*നനഞ്ഞ മുടി ചീകുകയോ കെട്ടുകയോ അരുത്. മുടിയിലെ വെള്ളം വലിച്ചെടുക്കാൻ ടവ്വൽ കെട്ടിവയ്ക്കാം. മുടി ഉണക്കാൻ കൃത്രിമമാർഗങ്ങൾ ഉപയോഗിക്കരുത്. സാധാരണഗതിയിൽ തലമുടിയിൽ വെളിച്ചെണ്ണ തേയ്ക്കുന്നതാണ് നല്ലത്.
അഴകൊത്ത ശരീരത്തിന്
മദ്ധ്യവയസാകുമ്പോൾ സാധാരണ ശരീരത്തിലടിയുന്ന മേദസ് കളയാനും ശരീരസൗന്ദര്യം വീണ്ടെടുക്കാനും തിരുമ്മൽ ഒരുപരിധിവരെ സഹായിക്കും. കോലകുലത്താദി തുടങ്ങിയ ചൂർണങ്ങൾ ഉപയോഗിച്ച് ശരീരം തിരുമ്മുന്നതും കോലകുലത്താദി കിഴി കെട്ടി അരി കഴുകിയ കാടിതിളപ്പിച്ചാറ്റിയതിൽ മുക്കി കിഴിയിടുന്നതും അധിക മേദസ് കളയും. കുറഞ്ഞത് ആറേഴ് ദിവസമെങ്കിലും ഇങ്ങനെ ചെയ്യേണ്ടിവരും. ഓരോരുത്തരുടെ ശരീരപ്രകൃതി അനുസരിച്ച് ദിവസത്തിൽ മാറ്റമുണ്ടാകും.
തിരുമ്മൽ ശരീരത്തിലെ രക്തയോട്ടം സുഗമമാകും. ത്വക്കിന് നിറവും മാർദ്ദവവും നൽകും. കഫം കൊണ്ടുള്ള അസുഖത്തിനും ശമനമുണ്ടാകും. ശരീരകാന്തിക്ക് ഇടയ്ക്ക് ഉഴിച്ചിലും പിഴിച്ചിലും നടത്തുന്നതും നല്ലതാണ്. ഇത് കുറഞ്ഞത് ആറേഴു ദിവസം വേണ്ടിവരും. വേങ്ങാകാതലിട്ട കഷായം ഉള്ളിൽ രാവിലെയും വൈകിട്ടും അറുപത് മില്ലി വീതം തുടർച്ചയായി കഴിച്ചാലും നവാസയം ഗുളിക അരസ്പൂൺ ത്രിഫലചൂർണവും കൂടി തേനിൽ ചാലിച്ച് ദിവസം രാവിലെ വെറു വയറ്റിൽ കഴിച്ചാലും ശരീരം മെലിഞ്ഞു കിട്ടും. ശരീരത്തും മുഖത്തുമുണ്ടാകുന്ന പാടുകൾ മാറാൻ ഏലാദി ചൂർണവും കസ്തൂരിമഞ്ഞൾപ്പൊടിയും ചേർത്തത് പശുവിൻ പാലിന്റെ പാടയിലോ നാരങ്ങാനീരിലോ ചാലിച്ച് പുരട്ടാം. മുഖക്കുരുമാറാനും ഇത് നല്ല ഔഷധമാണ്.
വ്യായാമം കൊണ്ട് ശരീരത്തിന് ഓജസും രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുമുണ്ടാകും. വിരുദ്ധമായതോ ദഹിക്കാത്തോ ആയ ഭക്ഷണം ദഹിപ്പിക്കും. ദേഹം മെലിഞ്ഞുകിട്ടാൻ വ്യായാമത്തിന് തുല്യമായി മറ്റൊന്നുമില്ല. നെയ്യ് കഴിക്കുന്നവർക്ക് വ്യായാമം അത്യാവശ്യമാണ്.
ശബ്ദ ശുദ്ധിക്ക്
* കൊട്ടം, വയൽച്ചുള്ളിയരി എന്നിവ പൊടിച്ച് തേനും നെയ്യും ചേർത്ത് ദിവസവും സേവിക്കുക.
* മുരാമഞ്ചി,നാഗപ്പൂവ്, കൊട്ടം എന്നിവ അരച്ച് രാവിലെയും വൈകുന്നേരവും വായ്ക്കകത്ത് പുരട്ടുക. പതിനഞ്ച് ദിവസം ആവർത്തിക്കുക. ശ്വാസത്തിന് കർപ്പൂരഗന്ധമുണ്ടാകാനാണിത്.
* കഫം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉപേക്ഷിച്ചാൽ ശബ്ദശുദ്ധിയുണ്ടാകും.
* ഇരട്ടിമധുരം ചേർത്ത് പാൽ കാച്ചി കുടിച്ചാൽ കണ്ഠശുദ്ധികിട്ടും.