വിവാഹം കഴിക്കുന്നതിനു ചില നിബന്ധനകൾ ജരൽക്കാരു സ്വയം മുന്നോട്ട് വച്ചു. വിവാഹം കഴിക്കാൻ കിട്ടുന്ന കന്യകയുടെ പേരും ജരൽക്കാരു എന്നായിരിക്കണം. ഈ കന്യകയെ തനിക്ക് ദാനമായി ആരെങ്കിലും നൽകണം. അവളുടെ ഉപജീവനത്തിനുള്ള വക അവൾ സ്വയം കണ്ടെത്തണം. തന്റെ തീരുമാനങ്ങളെ അവൾ എതിർക്കാൻ പാടില്ല. ഇത്തരം തീരുമാനങ്ങളെടുത്ത ജരൽക്കാരു ഒരു കന്യകയെ ദാനം തരാനുണ്ടോ? വഴി നീളെ ചോദിച്ചു നടക്കാൻ തുടങ്ങി. കുറേനാൾ ഇങ്ങനെ നടക്കുമ്പോൾ നാഗരാജാവായ വാസുകി ഇത് കേൾക്കാനിടയായി.
വാസുകിയുടെ വളർത്തു പുത്രിയായ മനസാദേവിയെ ജരൽക്കാരു എന്നാണ് വാസുകി വിളിച്ചിരുന്നത്. എന്നും വ്രതവും ധ്യാനവും ആയി കഴിഞ്ഞിരുന്ന മനസാദേവി അല്പഭക്ഷണം മാത്രം കഴിച്ചിരുന്നതിനാൽ കൃശഗാത്രി ആയിരുന്നു. അതിനാലാണ് വാസുകി ജരൽക്കാരു എന്ന പേരിട്ടു വിളിച്ചിരുന്നത്. ശിവന്റെ അനുഗ്രഹം ആവോളം ലഭിച്ചിരുന്ന മനസാദേവിക്ക് ശിവൻ പല ദിവ്യമന്ത്രങ്ങളും ഉപദേശിച്ചു കൊടുത്തിരുന്നു.
വാസുകി കൊച്ചനുജത്തിയെപോലെ കരുതിയിരുന്ന ജരൽക്കാരുവിനെ വിധിപ്രകാരം ജരൽക്കാരു മുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. രണ്ടു ജരൽക്കാരുമാരും നിത്യവും വ്രതവും ധ്യാനവുമായി കഴിഞ്ഞിരുന്നതിനാൽ ഉഗ്രമായ തപശക്തിക്ക് ഇരുവരും അർഹരായിക്കഴിഞ്ഞിരുന്നു. ഭാര്യ ജരൽക്കാരു പ്രസവിക്കുന്നതിനുമുമ്പായി ഭർത്താവായ ജരൽക്കാരു ഒരു നിസാരപ്രശ്നത്തിന്റെ പേരിൽ വീടു വിട്ടുപോയി. കുറേനാൾ കഴിഞ്ഞ് ജരൽക്കാരു പ്രസവിച്ചു. കുഞ്ഞിന് ആസ്തികൻ എന്നു പേരിട്ടു. ജന്മം കൊണ്ടുതന്നെ ആസ്തികൻ തപശക്തി നേടിയിരുന്നു. ശിവൻ നേരിട്ട് ആസ്തികന് ജ്ഞാനോപദേശവും വിദ്യാഭ്യാസവും നൽകി. അതിബുദ്ധിമാനായിരുന്ന ആസ്തികൻ ചെറുപ്പത്തിൽ തന്നെ ഉഗ്രതപശക്തിയും നേടിക്കഴിഞ്ഞിരുന്നു.
ജനമേജയന്റെ സർപസത്രം പുരോഗമിക്കുമ്പോൾ തന്നെ മറ്റ് നാഗശ്രേഷ്ഠന്മാർ നാഗങ്ങളുടെ നിലനില്പിനെ കരുതിയുള്ള പ്രതിവിധിയും ആലോചിക്കുന്നുണ്ടായിരുന്നു. വാസുകി, ആസ്തികനെ ജനമേജയന്റെ കൊട്ടാരത്തിലേക്കയച്ചാൽ അവന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ട് സർപജ്ഞനത്തിന് തടസമുണ്ടാക്കുമെന്ന് മറ്റ് നാഗങ്ങളെ അറിയിച്ചു. എല്ലാ നാഗങ്ങളും വാസുകിയുടെ നിർദ്ദേശം അംഗീകരിച്ചു.
ഒരു ബാലമുനിയുടെ രൂപത്തിൽ യാഗശാലയ്ക്ക് സമീപമെത്തിയ ആസ്തികൻ തന്റെ ബുദ്ധി ഉപയോഗിച്ച് ജനമേജയനേയും മഹർഷിമാരേയും വാനോളം പുകഴ്ത്തി സ്തുതിച്ചു. പുകഴ്ത്തലിൽ ആസ്തികന്റെ സ്തുതിയിൽ വീണ ജനമേജയൻ നേരത്തെ തച്ചൻ നൽകിയ മുന്നറിയിപ്പ് മറന്നു. സംപ്രീതനായ രാജാവ് ഋത്വിക്കളുടെ അനുവാദത്തോടെ ആസ്തികന് യാഗശാലയിലേക്ക് പ്രവേശനം അനുവദിച്ചു. ബാലമുനിയുടെ അപാരമായ അറിവിലും തത്വബോധത്തിലും അത്ഭുതപ്പെട്ടുപോയ രാജാവ് ബാലമുനിക്ക് എന്തെങ്കിലും വരം നൽകണമെന്നും വിചാരിച്ചു. ബാലനെ അരുകിൽ വിളിച്ച് എന്തെങ്കിലും വരം ചോദിച്ചുകൊള്ളാൻ അനുവദിച്ചു. രാജാവ് നൽകിയ അവസരം സർപയജ്ഞം അവസാനിപ്പിക്കണം എന്ന വരം യാചിക്കാൻ ഇടയായി. നിവൃത്തിയില്ലാതെ രാജാവിന് ഏറ്റുപോയ വരം നൽകേണ്ടിവന്നു. സർപയജ്ഞം അവസാനിക്കട്ടെ എന്ന് രാജാവ് പ്രഖ്യാപിക്കാനും ഇടയായി.
തക്ഷകനോടൊപ്പം മറ്റു അനേകം നാഗങ്ങളും ലോകത്ത് അവശേഷിക്കാൻ ആസ്തികൻ വഴിയൊരുക്കി.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)