ഔട്ടായതിന്റെ ദേഷ്യം ഡഗ്ഔട്ടിലെ കസേരയോടു തീർത്ത വിരാട് കൊഹ്‌ലിക്ക് ശാസന
ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗ് 14–ാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഔട്ടായതിന്റെ കലിയും നിരാശയും ഡഗ്ഔട്ടിലെ കസേരയോടു തീർത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കൊഹ്‌ലി കടുത്ത ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. ഡഗ്ഔട്ടിലെ കസേര അടിച്ചുതെറിപ്പിച്ച കൊഹ്‌ലിക്കുള്ള ശിക്ഷ അധികൃതർ ശാസനയിൽ ഒതുക്കി. മത്സരം കൊഹ്‌ലിയുടെ ടീം ആറു റൺസിന് ജയിച്ചിരുന്നു.
സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പൺ ചെയ്തത് കൊഹ്‌ലിയായിരുന്നു. 29 പന്തിൽ നാലു ഫോറുകൾ സഹിതം കൊഹ്‌ലി നേടിയത് 29 റൺസ്. മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വെലിനൊപ്പം 36 പന്തിൽ 44 റൺസും കൂട്ടിച്ചേർത്തിരുന്നു.
വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡർ എറിഞ്ഞ 13–ാം ഓവറിലെ ആദ്യ പന്തിൽ കൊഹ്‌ലി പുറത്തായത്. കൊഹ്‌ലിയുടെ പാളിയ ഷോട്ട് കയ്യിലൊതുക്കി വിജയ് ശങ്കറാണ് താരത്തെ പുറത്താക്കിയത്. ഔട്ടായതിന്റെ ദേഷ്യം പവലിയനിലേക്കുള്ള വഴിയിൽകൊഹ്‌ലി ഡഗ്ഔട്ടിലെ കസേരയോടു തീർക്കുകയായിരുന്നു.
ഐ.പി.എൽ നിയമപ്രകാരം ലെവൽ വൺ കുറ്റമാണ്കൊഹ്‌ലി ചെയ്തതെന്ന് അധികൃതർ അറിയിച്ചു. തെറ്റ് കൊഹ്‌ലി ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ ശാസനയിൽ ഒതുക്കിയത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 149 റൺസിൽ ഒതുങ്ങിയെങ്കിലും, തകർപ്പൻ ബൗളിംഗുമായി കളം പിടിച്ച ബോളർമാർ അവർക്ക് ആറു റൺസിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.