കർണാടകത്തിലെ ഏറെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് ശൃംഗേരി ശാരദാക്ഷേത്രം. നവരാത്രിക്കാലത്താണ് തീർത്ഥാടകർ ഏറെയും ഇവിടേക്ക് എത്തുന്നത്. ചിക്മംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ചന്ദന വിഗ്രഹം ശങ്കരാചാര്യർ സ്ഥാപിച്ചതാണെന്ന് വിശ്വാസം. ക്ഷേത്രത്തിൽ ശാരദയുടെ സ്വർണ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ഠയ്ക്ക് മുൻവശത്തു രണ്ടു മണ്ഡപങ്ങൾ കാണാം. നവരംഗം എന്നറിയപ്പെടുന്ന മഹാമണ്ഡപത്തിന്റെ ഇരുവശത്തുമുള്ള തൂണുകളിൽ മഹിഷാസുരമർദ്ദിനിയും രാജരാജേശ്വരിയുമാണ്.
ശൃംഗേരി ക്ഷേത്രത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സർവജ്ഞ പീഠം കയറിയ ശങ്കരാചാര്യർ മൂന്നു മഠങ്ങൾ സ്ഥാപിച്ചശേഷം നാലാമത്തേത് എവിടെ സ്ഥാപിക്കണമെന്ന് ആലോചിച്ചുവരികയാണ്. തന്റെ കൈവശമുള്ള കാശ്മീരിലെ ശാരദാദേവിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹം മഠം സ്ഥാപിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്ന് മനസിലുറപ്പിച്ചിരുന്നു. തീർത്ഥാടനത്തിനിടയിൽ ശൃംഗേരിയിലെത്തിയ ആചാര്യൻ തുംഗാനദിയുടെ വലതുകരയിൽ ധ്യാനിച്ചിരുന്നു. ആ സമയത്ത് ഇടതു കരയിൽ ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ഒരു തവളയ്ക്ക് കുട ചൂടിയ പോലെ രക്ഷയേകുന്ന കാഴ്ച കണ്ടു. പ്രകൃതി ശത്രുക്കളായി സൃഷ്ടിച്ചവർ പോലും പരസ്പര സ്നേഹത്തോടെ കഴിയുന്ന ഈ സ്ഥലത്താണ് കരുണാമയിയായ ശാരദയുടെ വിഗ്രഹം പ്രതിഷ്ഠിക്കേണ്ടതെന്ന് ശങ്കരൻ തീരുമാനിച്ചുവെന്നുമാണ് കഥ. ഗ്രാമത്തിന്റെ നാലു ദിശകളിലുള്ള മലകളിൽ സംരക്ഷണ ദൈവങ്ങളെ ആദ്യം പ്രതിഷ്ഠിച്ചതായി വിശ്വാസം. കിഴക്കേ മലയിൽ കാലഭൈരവൻ, വടക്ക് കലികാദേവി. പടിഞ്ഞാറ് ഹനുമാൻ. തെക്ക് ഭാഗത്ത് ദുർഗ. ഇതെല്ലാം പ്രതിഷ്ഠിച്ച ശേഷമാണ് തുംഗയുടെ ഇടതു കരയിലുള്ള പാറയിൽ ശ്രീചക്രം വരച്ച് ശാരദയുടെ ചന്ദനവിഗ്രഹം പ്രതിഷ്ഠിച്ചത്.
എത്തിച്ചേരാൻ
മംഗലാപുരത്ത് നിന്നും ശൃംഗേരിയിലേക്ക് 110 കിലോമീറ്റർ ദൂരം. ഉടുപ്പിയിൽ നിന്നും കൊല്ലൂരിൽ നിന്നും ബസ് സർവീസുണ്ട്.