mi-vacuum

വീടിനുള‌ളിൽ പൊടിയും അഴുക്കും പിടിക്കാതെ സൂക്ഷിക്കുക എന്നത് ഓരോ മനുഷ്യരെയും വളരെ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. ഇപ്പോഴിതാ ഒരു ആപ്പിലൂടെ പ്രവർത്തിക്കുന്ന ഒരു ശുചീകരണയന്ത്രവുമായെത്തിയിരിക്കുകയാണ് ലോകോത്തര ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഷവോമി. ഒരു ഓട്ടോമാ‌റ്റിക് സ്‌മാർട്ട് വാക്വം ക്ളീനറായ എം‌ഐ റോബോട്ട് വാക്വം-മോപ് പി പൊടി തൂക്കുന്നതും ശേഷം തുടച്ച് വൃത്തിയാക്കുന്നതും ഒരു പോലെ ചെയ്യും. ടു ഇൻ വൺ പ്രവർത്തന ശൈലിയാണ് റോബോട്ട് വാക്വം-മോപ് പിയ്‌ക്കുള‌ളത്.

എം‌ഐ സ്‌മാർട്ട് ആപ്പ് ഉപയോഗിച്ച് റോബോട്ട് വാക്വം-മോപ് പി പ്രവർത്തിപ്പിക്കാം. ഗൂഗിൾ വോയിസ് അസിസ്‌റ്റന്റ് ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാം. പൊടി തൂക്കാനും തുടയ്‌ക്കാനും മാത്രമല്ല വെള‌‌ളം തളിച്ച് തുടയ്ക്കാനും റോബോട്ട് വാക്വം-മോപ് പിയിലൂടെ സാധിക്കും. ലേസർ ഡിസ്‌റ്റൻസ് സെൻസറും 12 മൾട്ടി ഡയറക്ഷണൽ സെൻസറുകളും ഈ വാക്വം ക്ളീനറിലുണ്ട്. എല്ലാ ദിക്കിലും പൊടി കണ്ടെത്താനും തുടച്ചുനീക്കിയെന്ന് ഉറപ്പാക്കാനും ഈ സെൻസറുകൾ സഹായിക്കുന്നു.

എം‌ഐ വെബ്‌സൈ‌റ്റായ എം‌ഐ.കോം വഴി വാക്വം ക്ളീനർ ലഭ്യമാക്കും. 24,999 രൂപയാണ് വില. മൂന്ന്, ആറ്, ഒൻപത് മാസത്തേക്ക് ഇ‌എം‌ഐ വഴിയും ലഭ്യമാണ്. എം‌ഐ റോബോട്ട് വാക്വം-മോപ് പി വാങ്ങുന്നവർക്ക് 3999 രൂപ വിലയുള‌ള എം‌ഐ സ്‌മാർട്ട് സ്‌പീക്കർ സൗജന്യമായി ലഭിക്കും. കോർടെ‌ക്‌സ് -എ 7 പ്രൊസസറിലാണ് എം‌ഐ റോബോട്ട് വാക്വം-മോപ് പി പ്രവർത്തിക്കുന്നത്.

ഓരോ മുറിയിലും എത്തിച്ചാൽ എം‌ഐ റോബോട്ട് വാക്വം-മോപ് പി മുറി ഒരു മാപ്പിലാക്കി സ്‌കാൻ ചെയ്‌ത ശേഷം ഓരോ ഭാഗങ്ങളായി വൃത്തിയാക്കി തുടങ്ങും. നിർത്തിയയിടത്ത് നിന്നും പുനരാരംഭിക്കാനും തനിയെ ചാർജ് ചെയ്യാനും വേണമെങ്കിൽ വിവിധ ഭാഗങ്ങളായി വൃത്തിയാക്കുന്നത് തിരിക്കാനും എം‌ഐ റോബോട്ട് വാക്വം-മോപ് പിയ്‌ക്ക് കഴിയും.