covid

തി​രുവനന്തപുരം: സംസ്ഥാനത്തെ കൊവി​ഡ് വ്യാപനവുമായി​ ബന്ധപ്പെ‌‌‌‌ട്ട് ചീഫ് സെക്രട്ടറി​ ഇന്ന് വൈകി​ട്ട് മാദ്ധ്യമങ്ങളെ കാണും. കൂടുതൽ നി​യന്ത്രങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധി​ച്ച് വാർത്താസമ്മേളനത്തി​ൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതുപരിപാടികളിൽ അമ്പത് മുതൽ നൂറു പേർ മാത്രമേ പങ്കെടുക്കാൻ പാടുളളൂ. മാളുകളിൽ പ്രവേശനത്തിന് ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളിൽ പ്രധാനം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, രോഗ വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ‍ ജീവിക്കുന്നവർ, ധാരാളം ആളുകളുമായി സമ്പർ‍ക്കം പുലർ‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകൾ‍, ഹോട്ടലുകൾ‍, മാർക്കറ്റുകൾ‍, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ‍ ജോലി ചെയ്യുന്നവർ‍, ഡെലിവറി എക്‌സിക്യൂട്ടീവുകൾ‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യാനും യോഗത്തിൽ തീരുമാനമെടുത്തു.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ‍ ആർ ‍ടി പി സി ആർ‍ ടെസ്റ്റിംഗ് യൂണിറ്റുകൾ‍ ഉപയോഗപ്പെടുത്തും.

എല്ലാ സർക്കാർ‍ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങൾ‍ നീക്കണം. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികൾ‍ ഇക്കാര്യത്തിൽ‍ ഉണ്ടാവണം. കണ്ടെൻ‍മെന്റ് സോണുകൾ‍ നിർ‍ണയിക്കുന്നത് കൊവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്. പരീക്ഷാ കാലമായതിനാൽ‍ വിദ്യാർ‍ത്ഥികൾ‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏർ‍പ്പെടുത്തണം.

എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷൻ‍ സെന്ററുകൾ രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം.

ബോധവൽക്കരണത്തിന് ഉതകുന്ന സന്ദേശങ്ങൾ നൽകാൻ മാദ്ധ്യമങ്ങൾ സ്വമേധയാ തയ്യാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ‍ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ‍ മതനേതാക്കൾ‍ സഹകരിക്കുന്നുണ്ട്.

ജില്ലാ ഭരണാധികാരികള്‍ അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണം.