indian-couples

ഖത്തർ: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ദമ്പതിമാർ ജയിൽമോചിതരായി നാട്ടിലെത്തി. മുംബയ് സ്വദേശി ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ എന്നിവരും ഒരുവയസുള്ള മകൾ ആയാത്തുമാണ് ഇന്നലെ പുലർച്ചെ 2.30 ഓടെ മുംബയ് വിമാനത്താവളത്തിൽ എത്തിയത്.

ഖത്തർ സർക്കാരിന് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസിയാണ് മൂവരുടെയും ചിത്രങ്ങൾ സഹിതം വാർത്ത പങ്കുവച്ചത്. ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിനെ കണ്ടശേഷമായിരുന്നു മടക്കം.

2019 ജൂലായിലാണ് ഹണിമൂണിനായി ഖത്തറിലെത്തിയ ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ ഖുറേഷി എന്നിവരുടെ ബാഗിൽ നിന്നും 4.1 കിലോഗ്രാം ഹാഷിഷ് പിടികൂടിയത്. ബന്ധുവാണ് ഇവരെ ചതിച്ചത്.

അറസ്റ്റിലായപ്പോൾ ഗർഭിണിയായിരുന്ന ഒനിബ ജയിലിൽ വച്ചാണ് മകൾ അയാത്തിന് ജന്മം നൽകിയത്. ഒന്നര വർഷത്തിലധികമായി ജയിലിൽ കഴിഞ്ഞിരുന്ന ദമ്പതികൾ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ മാസമാണ് ഖത്തർ അപ്പീൽ കോടതി ഇരുവരെയും വെറുതെവിട്ടത്.