ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി. ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. അതേ സമയം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സി.പി.എമ്മിൻറെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ പറഞ്ഞത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ഇ.പി. ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയർന്നപ്പോൾ അത് വിജിലൻസ് അന്വേഷിച്ചു. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർ സ്വന്തം ഏജൻസികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം. ആരുടെ താത്പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലൻസ് പ്രവർത്തിക്കുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജൻസികളെ പിടിക്കാൻ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അതു ചോദ്യംചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്റെ ലക്ഷ്യമെന്നും മുരളീധരൻ പ്രതികരിച്ചു.
ആശുപത്രി അധികൃതർ പറയുന്നതിനനുസരിച്ച് നാലാം തീയതി മുഖ്യമന്ത്രിക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ വലിയ ചതിയാണ് അദ്ദേഹം ജനങ്ങളോട് ചെയ്തത്. കൊവിഡ് മുൻകരുതലിനെക്കുറിച്ച് കഴിഞ്ഞ ഒരു വർഷമായി മാദ്ധ്യമങ്ങളിലൂടെ ക്ലാസെടുത്തയാളാണ് സ്വന്തം കാര്യം വന്നപ്പോൾ എല്ലാ മാനദണ്ഡവും കാറ്റിൽ പറത്തിയത്. വീട്ടിലെ കാരണവർക്ക് അടുപ്പിലും ആകാം എന്ന രീതിയാണോ മുഖ്യമന്ത്രിക്ക്. തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് നാടെങ്ങും പൊതുപ്രവർത്തകർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്ത കേരള പൊലീസ് മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്നും മന്ത്രി മുരളീധരൻ ആവശ്യപ്പെട്ടു.