oman-curfew

മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇടവേളയ്ക്ക് ശേഷം ഒമാനിൽ ഇന്നലെ മുതൽ വീണ്ടും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പതു മുതൽ പുലർച്ചെ നാലു വരെ ഒമാനിൽ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്.

രാത്രി യാത്രാ വിലക്കിൽ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടൺ ഭാരമുള്ള ട്രക്കുകൾ, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാർമസികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇളവ് ലഭിക്കും. വിതരണ സേവനങ്ങൾക്കും വിലക്കുണ്ട്.

പള്ളികളിൽ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്‌താറുകൾ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്‌താറിനായി ഒത്തുചേരാൻ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേർന്നുള്ള പ്രവർത്തനങ്ങളും വിലക്കിയിട്ടുണ്ട്.

അതേസമയം, കൊവിഡ് വ്യാപനം കുറഞ്ഞാൽ റംസാനിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ രാത്രികാല വിലക്കുകളിൽ ഇളവ് നൽകും. എന്നാൽ, സാഹചര്യം കൂടുതൽ മോശമായാൽ നടപടി ശക്തമാക്കേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.