കൊച്ചി: സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവുമായി സ്വർണവ്യാപാരികൾ. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ അത് വിപണിയെ പ്രതിസന്ധിയിലാക്കും. പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഹാൾമാർക്കിംഗ് സെന്ററുകളില്ല. മറ്റു സംസ്ഥാനങ്ങളിൽ ഒന്നുവീതം ബി.ഐ.എസ് ഓഫീസേയുള്ളൂ. ജീവനക്കാരും പരിമിതമാണ്.
രാജ്യത്ത് ആറുലക്ഷത്തോളം സ്വർണ വ്യാപാരികളുള്ളതിൽ 34,647 പേരാണ് ഇതുവരെ ബി.ഐ.എസ് രജിസ്‌ട്രേഷൻ എടുത്തത്. രണ്ടുമാസത്തിനകം പരമാവധി ഒരുലക്ഷം പേർ കൂടി രജിസ്‌ട്രേഷൻ എടുക്കുമെന്നാണ് ബി.ഐ.എസിന്റെ തന്നെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, സമയപരിധി നീട്ടിയില്ലെങ്കിൽ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ഡയറക്‌ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷററുമായ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
അതേസമയം, ജൂൺ ഒന്നുമുതൽ തന്നെ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയ സെക്രട്ടറി ലീലാ നന്ദനും ബി.ഐ.എസ് ഡയറക്‌ടർ ജനറൽ പ്രമോദ് കുമാർ തിവാരിയും വ്യക്തമാക്കിയിട്ടുണ്ട്.
''ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ വിൽക്കുന്ന എല്ലാ സ്വർണാഭരണങ്ങളിലും ബി.ഐ.എസ് മുദ്ര വേണ്ടിവരും. ജി.എസ്.ടി രജിസ്ട്രേഷനുള്ളവരും ഇല്ലാത്തവരും ബി.ഐ.എസ് രജിസ്ട്രേഷൻ എടുക്കണം. സമയപരിധി നീട്ടിയില്ലെങ്കിൽ ലക്ഷക്കണക്കിന് വ്യാപാരശാലകൾ അടച്ചുപൂട്ടേണ്ടിവരും.""
അഡ്വ.എസ്. അബ്ദുൽ നാസർ,
ദേശീയ ഡയറക്‌ടർ, ജി.ജെ.സി
കേരളത്തിലും പ്രതിസന്ധി
ബി.ഐ.എസ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടിയില്ലെങ്കിൽ കേരളത്തിലും പ്രതിസന്ധി ഉണ്ടായേക്കും. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള 7,000ഓളം സ്വർണ വ്യാപാരികളുണ്ട്. ഇതിൽ 3,700 പേരാണ് ഇതിനകം ബി.ഐ.എസ് രജിസ്‌ട്രേഷനെടുത്തത്.
ജി.എസ്.ടി രജിസ്ട്രേഷനില്ലാത്ത 5,000ഓളം വ്യാപാരികളുണ്ടാകും. ഇതുകൂടാതെ, സംസ്ഥാനത്തെ 4,000ഓളം ആഭരണ നിർമ്മാതാക്കളിൽ ചിലരും അവരുടെ സ്ഥാപനങ്ങളിൽ റീട്ടെയിൽ വില്പന നടത്തുന്നുണ്ട്. ബി.ഐ.എസ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടിയില്ലെങ്കിൽ ഇവരുടേത് ഉൾപ്പെടെ 10,000ഓളം സ്ഥാപനങ്ങൾക്ക് ജൂൺ ഒന്നിന് ശേഷം പൂട്ടുവീഴും.
ഹാൾമാർക്കിംഗ്
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഹാൾമാർക്ക് മുദ്ര നൽകുന്നത്. സ്വർണം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌തതാണോ എന്നറിയാൻ നാലു കാര്യങ്ങളുണ്ട്.
1. ആഭരണത്തിൽ ബി.ഐ.എസ് മുദ്ര
2. കാരറ്രിൽ സൂചിപ്പിച്ച നിലവാരം
3. ഹാൾമാർക്കിംഗ് സ്ഥാപനത്തിന്റെ പേര്
4. ജുവലറിയുടെ ഐഡന്റിഫിക്കേഷൻ
ജനങ്ങളുടെ പക്കലുള്ള
സ്വർണത്തിന് പ്രശ്‌നമില്ല
ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് നിബന്ധന ബാധകം.
ഉപഭോക്താക്കളുടെ കൈവശമുള്ള, ബി.ഐ.എസ് മുദ്രയില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനും മാറ്റിവാങ്ങാനും തടസമില്ല. വിൽക്കുമ്പോൾ വിപണിവില തന്നെ ലഭിക്കും. ബാങ്കുകളിൽ പണയം വയ്ക്കാനും തടസമില്ല.