വാഷിംഗ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ വാഷിംഗ്ടൺ പൊൻസി പദ്ധതിയുടെ സൂത്രധാരൻ ബെർണാഡ് എൽ. മഡോഫ് 150 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ അമേരിക്കയിലെ ജയിലിൽ മരിച്ചു. 83 വയസായിരുന്നു. നോർത്ത് കരോലിനയിലെ ബട്നറിൽ അനാരോഗ്യമുള്ള തടവുകാർ കഴിയുന്ന ഫെഡറൽ മെഡിക്കൽ സെന്ററിൽ കഴിയവെയാണ് അന്ത്യം.
കഴിഞ്ഞ വർഷം വൃക്കസംബന്ധമായ അസുഖവും മറ്റ് രോഗങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭിഭാഷകർ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
2008ലാണ് ഒരു വലിയ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതായി മഡോഫ് രണ്ട് ആൺമക്കളോട് കുറ്റസമ്മതം നടത്തിയത്. തുടർന്നാണ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച്
17.5 ബില്യൺ ഡോളർ തട്ടിയെടുത്ത കേസിൽ ബെർണാഡ് പിടിക്കപ്പെടുന്നത്. അറസ്റ്റിലാകുമ്പോൾ 60 ബില്യൺ ഡോളർ വിലമതിക്കുന്ന വ്യാജ അക്കൗണ്ട് രേഖകളും കൈവശമുണ്ടായിരുന്നു. 2009ലാണ് കോടതി 150 വർഷത്തെ തടവുശിക്ഷ വിധിച്ചത്.
വാൾസ്ട്രീറ്റ് നിക്ഷേപക ഭീമൻ എന്നറിയിപ്പെട്ടിരുന്ന ബെർണാഡ് നാസ്ഡാക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ മുൻ ചെയർമാനായിരുന്നു. അമേരിക്കൻ ധനകാര്യ വിപണയിലെ ഗ്ലാമർ താരമായിരുന്നു. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരിൽ നിന്നുവരെ 20 ബില്യൺ ഡോളർ നിക്ഷേപമായി മഡോഫിന്റെ സ്ഥാപനത്തിലെത്തി.
ബെർണാഡിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരിൽ വിശ്രുത ചലച്ചിത്ര സംവിധായകനായ സ്റ്റീഫൻ സ്പിൽബർഗ്, നടൻ കെവിൻ ബേക്കൺ, ബേസ്ബാൾ താരം സാൻഡി കൊഫാക്സ് തുടങ്ങിയവരും സാധാരണക്കാരും ഉൾപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പോൺസി പദ്ധതി എന്നറിയപ്പെടുന്ന മഡോഫിന്റെ നിക്ഷേപ പദ്ധതി വളരെ ലളിതമായിരുന്നു. ആദ്യ നിക്ഷേപകനുള്ള ആദായം രണ്ടാമന്റെ നിക്ഷേപ തുക ഉപയോഗിച്ച് നൽകുകയെന്ന വളരെ പഴയ മാർഗമായിരുന്നു പദ്ധതിയുടെ അടിസ്ഥാനം.
അതിവേഗ വളർച്ച, പൊടുന്നനെ പതനം
1960കളിൽ തന്റെ സഹോദരനോടൊപ്പം ഓഹരി ബ്രോക്കറായി വാൾസ്ട്രീറ്റിലെത്തിയ മഡോഫ് ഏതാനും വർഷങ്ങൾ കൊണ്ട് വൻ ഉയരത്തിലെത്തി.
അമേരിക്കയിലെ ആദ്യ ഇലക്ട്രോണിക് ഓഹരി എക്സ്‌ചേഞ്ചായ നാസ്ഡിക്കിന്റെ ചെയർമാൻ സ്ഥാനം മുതൽ അമേരിക്കൻ ഓഹരി വിപണിയുടെ ഔദ്യോഗിക നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്റ് എക്സ്‌ചേഞ്ച് കമ്മിഷൻ ഉപദേശക സമിതിയിലെ അംഗത്വം വരെയുള്ള പദവികൾ അദ്ദേഹം വഹിച്ചിരുന്നു.
2008ൽ മഡോഫ് തന്റെ രണ്ട് പുത്രന്മാരോട് ഇക്കാര്യം തുറന്നു പറയുന്നതുവരെ അതിനെ പറ്റി ആർക്കും അറിയില്ലായിരുന്നു. 2009 മാർച്ചിൽ മഡോഫ് ജയിലിലായി. ഒരു കൊല്ലത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു മകൻ ആത്മഹത്യ ചെയ്തു. മറ്റൊരു മകൻ കാനസർ ബാധിച്ച് കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ ജീവിത പങ്കാളി റൂത്ത് മഡോഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ബെർണി ദ ബെസ്റ്റ് സെല്ലർ
അടുപ്പക്കാർക്കിടയിൽ ബെർണി എന്നറിയപ്പെട്ട ബെർണാഡ് മഡോഫിന്റെ ജീവിതം നിരവധി ഹോളിവുഡ് സിനിമകൾക്കും നോവലുകൾക്കും വിഷയമായി. അത്ഭുതവും, അതിഭാവുകത്വവും നിറഞ്ഞ ഭാഷയിൽ ബെർണി മഡോഫിന്റെ വരവും പോക്കും വർണ്ണിക്കുന്ന നിരവധി കൃതികൾ ഇതിനകം ലഭ്യമാണ്.
എന്താണ് പോൺസി പദ്ധതി
ഇറ്റലിയിൽ ജനിച്ച ചാൾസ് പോൺസി 1920കളിൽ അമേരിക്കയിൽ നടത്തിയ തട്ടിപ്പ് പദ്ധതി. 45ദിവസങ്ങൾക്കുള്ളിൽ നിക്ഷേപത്തിന്റെ 50 ശതമാനം ലാഭവും, 90ദിവസങ്ങൾക്കുള്ളിൽ 100 ശതമാനം ലാഭവും വാഗ്ദാനം ചെയ്യുന്നതായിരുന്നു പോൺസിയുടെ പദ്ധതി. പദ്ധതിയിലെ ആദ്യ നിക്ഷേപകർക്ക് പിന്നീട് വരുന്ന നിക്ഷേപകരുടെ പണം നൽകി വിശ്വാസം പിടിച്ചു പറ്റിയ പരിപാടി താമസിയാതെ പൊളിഞ്ഞു. അതോടെ ഇത്തരം തട്ടിപ്പുകൾ പൊതുവെ പോൺസി പദ്ധതികൾ എന്നറിയപ്പെടാൻ തുടങ്ങി.